kannur local

കണ്ണൂര്‍ കോര്‍പറേഷന്‍ ; കോണ്‍ഗ്രസ്-ലീഗ് സീറ്റ് വിഭജന ചര്‍ച്ച അലസി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫ്. സീറ്റ് വിഭജനം കീറാമുട്ടിയാവുന്നു. പ്രധാന ഘടകകക്ഷികളായ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മിലാണ് തര്‍ക്കം രൂക്ഷം. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച അലസിപ്പിരിഞ്ഞു. ഇതിനു പിന്നാലെ രാത്രി നടന്ന മാരത്തണ്‍ ചര്‍ച്ചയിലും ധാരണയായില്ല. പ്രഥമ കോര്‍പറേഷനിലെ 55 വാര്‍ഡുകളില്‍ 26 സീറ്റുകളെങ്കിലും വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. കൂടാതെ, മേയര്‍സ്ഥാനം പങ്കിടണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും യാത്രി നിവാസില്‍ യോഗം ചേര്‍ന്നത്. മുമ്പ് ഉന്നയിച്ച വാദഗതികളെല്ലാം ലീഗ് കോര്‍പറേഷന്‍ ഭാരവാഹികള്‍ ഇന്നലെയും ആവര്‍ത്തിച്ചു. നേരത്തെ നഗരസഭയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ശക്തിയും സ്വാധീനവും ലീഗ് നേതാക്കള്‍ വിശദീകരിച്ചു.

എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 23 സീറ്റുകളെങ്കിലും നല്‍കണമെന്ന ലീഗിന്റെ വാദവും അവര്‍ നിരാകരിച്ചു. 15-17 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കണ്ണൂര്‍ നഗരസഭയില്‍ ഇരുപക്ഷവും തുല്യസീറ്റിനടുത്താണ് മല്‍സരിച്ചിരുന്നത്. എന്നാല്‍, കോര്‍പറേഷന്‍ രൂപീകരണത്തോടെ 14 ഡിവിഷനുകള്‍ മാത്രമാണ് ലീഗ് സ്വാധീന വാര്‍ഡുകള്‍. ഇതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളില്‍ തങ്ങള്‍ക്കുണ്ടെന്നും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ലീഗിന്റെ അവകാശവാദത്തിന് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇരുകക്ഷികളും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടി.

തര്‍ക്കം രൂക്ഷമായതോടെ ലീഗ് ഭാരവാഹികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ചര്‍ച്ചയില്‍ നേതാക്കളായ കെ സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ്, അഡ്വ. ടി ഒ മോഹനന്‍, വി വി പുരുഷോത്തമന്‍, മാധവന്‍ മാസ്റ്റര്‍, ടി എ തങ്ങള്‍, കെ പി താഹിര്‍, അഷ്‌റഫ് ബംഗാളി മുഹല്ല, സി സമീര്‍, എം പി മുഹമ്മദലി, കെ വി ഹാരിസ്, ഇബ്രാഹിം ഹാജി പങ്കെടുത്തു. അതിനിടെ, കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയ്ക്കു ശേഷം ഉച്ചയോടെ യാത്രി നിവാസില്‍ യു.ഡി.എഫ്. ജില്ലാ നേതൃയോഗം നടന്നു. പ്രധാനമായും ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനമാണു ചര്‍ച്ചയായത്. ആറു സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് രണ്ടും ജനതാദള്‍ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തിലും അന്തിമധാരണ ഉണ്ടായിട്ടില്ല. അതിനിടെ, ചര്‍ച്ചകള്‍ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് ഡി.സി.സി. പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. മുന്നണി സംവിധാനത്തില്‍ ഇത്തരം പ്രവണതകള്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാല്‍, ഡി.സി.സി. പ്രസിഡന്റിന്റെ ആരോപണം തെറ്റാണെന്നും തങ്ങളാര്‍ക്കും വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു. 16ന് ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭ, ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യു.ഡി.എഫ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ നിയോജക മണ്ഡലം ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it