kannur local

കണ്ണൂര്‍ കോര്‍പറേഷന്‍: ഏഴരയില്‍ പോരാട്ടം കടുപ്പിച്ച് എസ്ഡിപിഐ; ലീഗില്‍ ആശങ്കയേറുന്നു

കണ്ണൂര്‍: കോര്‍പറേഷനിലെ മികച്ച പോരാട്ടം നടക്കുന്ന ഡിവിഷനുകളിലൊന്നായി ഏഴര മാറുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവിനെതിരേ ഉയരുന്ന പ്രതിഷേധവും എസ്ഡിപിഐ സാരഥിയുടെ പ്രചാരണ മുന്നേറ്റവുമാണ് മല്‍സരം കടുക്കാന്‍ കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ പ്രശ്‌നം ലീഗണികളില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയാ എം പി മുഹമ്മദലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
പ്രാദേശിക നേതൃത്വം യൂത്ത് ലീഗ് നേതാവിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകവെയാണ് മുഹമ്മദലിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കാഞ്ഞിരോട് മായന്‍—മുക്കിലെ വോട്ടറായിരുന്ന മുഹമ്മദലി കോര്‍പറേഷനില്‍ മല്‍സരിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നുമാസം മുമ്പ് കോര്‍പറേഷന്‍ പരിധിയിലെ സ്ഥലത്ത് ഫഌറ്റ് വാടകയ്്‌ക്കെടുത്തെന്നാണ് ആരോപണം. ഡെപ്യൂട്ടി മേയര്‍ സ്ഥാനം മോഹിച്ചാണ് കൂടുമാറ്റമെന്നും ആക്ഷേപമുണ്ട്. ലീഗ് സംസ്ഥാന സമിതിയംഗമായ മുഹമ്മദലി പാര്‍ട്ടി നേതാക്കളിലുള്ള സ്വാധീനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിയായതോടെ അണികളില്‍ നല്ലൊരു വിഭാഗം പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതോടൊപ്പം നാട്ടുകാരന്‍ കൂടിയായ എ ഇജാദിന്റെ സാന്നിധ്യം എസ്ഡിപിഐക്ക് മുതല്‍ക്കൂട്ടാവുന്നു. ജനകീയ വിഷയങ്ങളില്‍ സജീവമായിരുന്ന ഇജാദിന്റെ സൗമ്യമായ പെരുമാറ്റവും പ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്.
കാലങ്ങളായി ലീഗിനും യുഡിഎഫിനും വോട്ട് ചെയ്തവര്‍ പോലും ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരേ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. പ്രദേശത്തെ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയും നിര്‍ജീവമാവുകയും ചെയ്തത് നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. മാത്രമല്ല, ആയിക്കരയില്‍നിന്ന് മല്‍സരിക്കുന്ന സി സമീറിന്റെ അനുയായികളും മുഹമ്മദലിക്കെതിരേ അണിയറനീക്കം നടത്തുന്നുണ്ട്. കോര്‍പറേഷന്‍ ഭരണം യുഡിഎഫിനു ലഭിക്കുകയും ലീഗിനു നല്ല സീറ്റുകള്‍ ലഭിക്കുകയും ചെയ്താ ല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനു വേണ്ടി തര്‍ക്കമുണ്ടാവും.
നഗരസഭാ വൈസ് ചെയര്‍മാനായ സി സമീറിനെ കടത്തിവെട്ടാനുള്ള എം പി മുഹമ്മദലിയുടെ നീക്കത്തിന് ഏതുവിധേനയും തടയിടാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. വീടുകളിലും കവലകളിലും ഇജാദ് വോട്ടഭ്യര്‍ഥിക്കുമ്പോള്‍ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. അധികാരമോഹത്തിനുള്ള തിരിച്ചടിയാവും ഇത്തവണ ഏഴരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നാണു വിലയിരുത്തല്‍. അണികള്‍ക്കിടയിലെ അമര്‍ഷം ഇല്ലാതാക്കാന്‍ സ്ഥാനാര്‍ഥിയും അനുകൂലികളും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അവര്‍. എസ്ഡിപിഐയുടെ കണ്ണട അടയാളത്തില്‍ അതിരകത്ത് ജനവിധി തേടുന്ന സി പി സജീറും കുറുവയില്‍ കെ പി റാഷിദും തിലാന്നൂരിലെ പി എം സജീറും മികച്ച മുന്നേറ്റമാണു നടത്തുന്നത്. കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ശ്രദ്ധാകേന്ദ്രമായ പഞ്ഞിക്കീല്‍ വാര്‍ഡില്‍ എസ്ഡിപിഐയ്ക്കു വേണ്ടി ഗോദയിലിറങ്ങുന്നത് കെ എം അബ്ദുല്‍ മുനീറാണ്. നാട്ടുകാര്‍ക്ക് സുപരിചിതനായ മുനീറിന്റെ സ്ഥാനാര്‍ഥിത്വം ഇരുമുന്നണികളും ഉറ്റുനോക്കുകയാണ്.
Next Story

RELATED STORIES

Share it