കണ്ണൂര്‍ കോട്ടയില്‍ പീരങ്കിഉണ്ടകളുടെ വന്‍ശേഖരം

കണ്ണൂര്‍: പയ്യാമ്പലത്തെ സെന്റ് ആഞ്ചലോസ് കോട്ടയില്‍ വന്‍ പീരങ്കിയുണ്ട ശേഖരം കണ്ടെടുത്തു. കോട്ടയ്ക്കുള്ളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട്‌സ് ലേസര്‍ ഷോ പദ്ധതിക്കു വേണ്ടി കേബിളിടാന്‍ പ്രധാന കവാടത്തിന്റെ ഇടതുഭാഗത്തു കുഴിയെടുക്കുമ്പോഴാണ് പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. ചെറുതും വലുതുമായി 2000ലേറെ ഉണ്ടകള്‍ ഇതേവരെ കണ്ടെടുത്തിട്ടുണ്ട്. ഇനിയുമേറെ ഉണ്ടകള്‍ മണ്ണിനടിയിലുണ്ടെന്ന നിഗമനത്തില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കുഴിയെടുത്ത് പരിശോധന തുടരുകയാണ്. പൊതിച്ച നാളികേരത്തിന്റെ വലിപ്പമുള്ള പീരങ്കിയുണ്ടകള്‍ വരെ ലഭിച്ചിട്ടുണ്ട്. ഇരുമ്പു കൊണ്ടു നിര്‍മിച്ചതാണ് ഉണ്ടയെല്ലാം. സംസ്ഥാനത്ത് ആദ്യമായാണ് പീരങ്കിയുണ്ടകളുടെ ഇത്രവലിയ ശേഖരം കണ്ടെത്തുന്നതെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറയുന്നു. ഡിടിപിസി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ ആര്‍ക്കിയോളജിസ്റ്റ് സൂപ്രണ്ട് ശ്രീലക്ഷ്മി ഇന്ന് കോട്ട സന്ദര്‍ശിച്ച് വെടിയുണ്ടകള്‍ പരിശോധിക്കും. ഇനിയുമേറെ പീരങ്കിയുണ്ടകള്‍ ഉണ്ടാവുമെന്നാണ് പുരാവസ്തു വകുപ്പിന്റെയും നിഗമനം. പുറത്തെടുത്ത പീരങ്കിയുണ്ടകള്‍ വൃത്തിയാക്കിയശേഷം പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിലേക്കു മാറ്റും. തൃശൂരില്‍ നിന്നുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും കെമിക്കല്‍ വിദഗ്ധരും കണ്ണൂരിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്കു ശേഷം പുരാവസ്തു വകുപ്പാണ് വെടിയുണ്ടകള്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുക. ഇതിനു മുമ്പും പീരങ്കിയുണ്ട ഉള്‍പ്പെടെ പുരാതനമായ പല സാധനങ്ങളും കോട്ടയ്ക്കുള്ളില്‍ നിന്നു ലഭിച്ചിട്ടുണ്ട്.  അറബിക്കടലിനോടു തൊട്ടുരുമ്മിയുള്ള കോട്ടയില്‍ പഴയകാലത്ത് ഉപയോഗിച്ച പീരങ്കികള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ തലശ്ശേരി കോട്ട പരിസരത്തു നിന്ന് ഒരുവര്‍ഷം മുമ്പ് പീരങ്കിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.1505ല്‍ പോര്‍ച്ചുഗീസുകാരാണ് സെന്റ് ആഞ്ചലോസ് എന്ന പേരിലുള്ള കണ്ണൂര്‍ കോട്ട സ്ഥാപിച്ചത്. ഫ്രാന്‍സിസ് ഡി അല്‍മേഡയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ നിര്‍മിത കോട്ടയായ കണ്ണൂര്‍ കോട്ട പോര്‍ച്ചുഗീസുകാര്‍ പണിതത്.
Next Story

RELATED STORIES

Share it