kannur local

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ 29മുതല്‍

കണ്ണൂര്‍: സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രവും പേറി, കണ്ണൂരിലെത്തുന്ന സായാഹ്ന വിനോദയാത്രക്കാര്‍ക്ക് മിഴിവേകാന്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ പ്രവര്‍ത്തനം തുടങ്ങുന്നു. 29ന് വൈകീട്ട് ഏഴിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷോ ഉദ്ഘാടനം ചെയ്യും. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. നാലു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് അണിയിച്ചൊരുക്കിയ ഈ വിനോദ പരിപാടിയുടെ ദൈര്‍ഘ്യം 45 മിനിറ്റാണ്. ശബ്ദവും പ്രകാശവും സന്നിവേശിപ്പിച്ച്, 500 വര്‍ഷം പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്നു എന്നതാണ് പ്രത്യേകത. മലയാള സിനിമാ താരങ്ങളായ മമ്മൂട്ടിയും കാവ്യാ മാധവനുമാണ് ശബ്ദം നല്‍കിയത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പില്‍ കമലാഹാസനും ശബ്ദം നല്‍കി. ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ നടത്തിപ്പ് ചുമതല കണ്ണൂര്‍ ഡിടിപിസിക്കാണ്.—
തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. കോട്ടയുടെ ചുവര്‍ തന്നെയാണ് സ്‌ക്രീനായി ഉപയോഗിക്കുന്നത്. കണ്ണൂരിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 3.76 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഹൈദരാാബാദിലെ ഗൊല്‍ക്കൊണ്ട കൊട്ടാരം, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപുരം കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ കോട്ട എന്നിവിടങ്ങളില്‍ ഇത്തരം ഷോയുണ്ടെങ്കിലും കണ്ണൂരിലേത് തികച്ചും വ്യത്യസ്തമായിരിക്കും. മലയാളത്തിനാണു പ്രാധാന്യമെങ്കിലും വിദേശ ടൂറിസ്റ്റുകളെ പരിഗണിച്ച് ഇംഗ്ലീഷിലുമുണ്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് സിംഗപ്പൂര്‍ മാതൃകയില്‍ ഷോ നടപ്പാക്കുന്നത്. നേരത്തേ ഓണത്തിനു മുന്നോടിയായി പ്രദര്‍ശനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടുപോവുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം പരിശോധിച്ച് അനുമതി നല്‍കിയതോടെയാണ് ഒരുക്കങ്ങള്‍ വേഗത്തിലാക്കിയത്. നേരത്തേ പുരാവസ്തു വകുപ്പിനു കൈമാറിയിരുന്ന സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
Next Story

RELATED STORIES

Share it