kannur local

കണ്ണൂര്‍ കൈവിട്ടു; ചെങ്കൊടിയിലേറി കണ്ണൂര്‍

കണ്ണൂര്‍: ആറ് സീറ്റ് ഉറപ്പെന്നാണ് തിരഞ്ഞെടുപ്പ് തലേന്ന് വരെ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞത്. അഞ്ച് സിറ്റിങ് സീറ്റ് നിലനിര്‍ത്തുമെന്നും തലശ്ശേരിയില്‍ അട്ടിമറിയുണ്ടാവുമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ തലേദിവസത്തെ കണക്ക്. എന്നാല്‍, ജനവിധി പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. സിറ്റിങ് സീറ്റില്‍ രണ്ടെണ്ണം എല്‍ഡിഎഫ് കൊണ്ടുപോയി. അതില്‍ ദീര്‍ഘകാലമായി യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ കണ്ണൂരിലും വെന്നിക്കൊടി പാറിച്ചത് എല്‍ഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അഴീക്കോട് നിലനിര്‍ത്താനായത് മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാന്‍ പറ്റുന്നത്. കെ എം ഷാജിയുടെ വിജയം ലീഗിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നത് സംശയമില്ല. മന്ത്രി കെ പി മോഹനന്റെ മണ്ഡലമായ കൂത്തുപറമ്പിലും കണ്ണൂരും അട്ടിമറി സൃഷ്ടിക്കുകയും പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം നടത്തുകയും ചെയ്ത എല്‍ഡിഎഫിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡലങ്ങളില്‍ അവരുടെ ഭൂരിപക്ഷം കണ്ണഞ്ചിപ്പിക്കുന്നതാണ്. ജില്ലയിലെ സിപിഎം സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് കാര്യമായ വെല്ലുവളി ഒരുഘട്ടത്തിലും ഉയര്‍ത്തനായില്ല. എന്നാല്‍ യുഡിഎഫ് സിറ്റിങ് സീറ്റുകളായ പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ശക്തമായ വെല്ലുവിളിയാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. യുഡിഎഫിന് ഇരിക്കൂര്‍ മാത്രമാണ് തുടക്കംമുതല്‍ വിജയപ്രതീക്ഷ നല്‍കിയ ഒരേയൊരു മണ്ഡലം. എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് വിലയിരുത്തപ്പെട്ട അഴീക്കോട് അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ ഇരുവശത്തേക്കും മാറിമറിഞ്ഞു.
Next Story

RELATED STORIES

Share it