കണ്ണൂര്‍: അഴീക്കോടും കൂത്തുപറമ്പും ഒപ്പത്തിനൊപ്പം

കണ്ണൂര്‍: അഴീക്കോടും കൂത്തുപറമ്പും  ഒപ്പത്തിനൊപ്പം
X
02krnaz02-azhik_03_2799364f

ഹനീഫ എടക്കാട്

കണ്ണൂര്‍: 11 മണ്ഡലങ്ങളുള്ള കണ്ണൂരില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ജയിച്ചതാണ് യുഡിഎഫിന്റെ ജില്ലയിലെ എക്കാലത്തെയും മികച്ച പ്രകടനം. ഇതാവര്‍ത്തിക്കാനുള്ള പ്രയത്‌നത്തിലാണ് യുഡിഎഫ് ക്യാംപ്. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയം കൊണ്ടും ജനതാദളിലെ ഒരുവിഭാഗം മുന്നണിവിട്ടതു കൊണ്ടും നഷ്ടമായ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ പിടിതരാതെ നില്‍ക്കുന്നത് രണ്ട് മണ്ഡലങ്ങളാണ്; അഴീക്കോടും കൂത്തുപറമ്പും. അഴീക്കോട് എം വി നികേഷും കെ എം ഷാജിയും കൂത്തുപറമ്പില്‍ കെ കെ ശൈലജയും മന്ത്രി കെ പി മോഹനനും കടുത്ത പോരാട്ടത്തിനൊടുവില്‍ ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്. അഴീക്കോട്ട് എം വി നികേഷിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും ബിജെപി വോട്ടില്‍ അടിയൊഴുക്കുണ്ടാവുമെന്നും അത് യുഡിഎഫിനും കെ എം ഷാജിക്കും ഗുണകരമാവുമെന്നും വിലയിരുത്തപ്പെടുന്നു. എസ്ഡിപിഐ സ്ഥനാര്‍ഥി കെ കെ അബ്ദുല്‍ജബ്ബാറും വിമതസ്ഥാനാര്‍ഥി പി കെ രാഗേഷും ഇവിടെ നിര്‍ണായക ഘടകമാണ്.
[related]ബിജെപി ശക്തമായ പ്രചാരണം നടത്തിയ ജില്ലയിലെ ഒരേയൊരു മണ്ഡലമാണ് കൂത്തുപറമ്പ്. ആര്‍എസ്എസ് നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ കൂടൂതലായി പിടിക്കുന്ന വോട്ട് ആര്‍ക്കെതിരാവുമെന്നതിനെ ആശ്രയിച്ചായിരിക്കും മല്‍സരഫലം. ഇടതാഭിമുഖ്യമുള്ള തലശ്ശേരിയില്‍ എ പി അബ്ദുല്ലക്കുട്ടി സ്ഥാനാര്‍ഥിയായതോടെ മല്‍സരം എല്‍ഡിഎഫിന് കടുപ്പമായിട്ടുണ്ട്. എങ്കിലും വിജയം തങ്ങളെത്തന്നെ തുണയ്ക്കുമെന്ന് ഇടതുമുന്നണി അഭിപ്രായപ്പെടുന്നു.
പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, മട്ടന്നൂര്‍, പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മടം എന്നീ മണ്ഡലങ്ങളില്‍ ഇടതു മുന്‍തൂക്കം പ്രകടമാണ്. വല്ല അദ്ഭുതവും നടന്നാലല്ലാതെ അട്ടിമറി അസാധ്യം. വിമതരും അപരരും ഉണ്ടാക്കിയ പൊല്ലാപ്പുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ സി ജോസഫ് ഇരിക്കൂറിലും സണ്ണി ജോസഫ് പേരാവൂരിലും സതീശന്‍ പാച്ചേനി കണ്ണൂരിലും പ്രചാരണത്തില്‍ മുന്നിലാണ്.
പേരാവൂരില്‍ ഡിവൈഎഫ്‌ഐ നേതാവായ ബിനോയ് കുര്യനും കണ്ണൂരില്‍ കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും നല്ല പോരാട്ടം കാഴ്ചവച്ചിട്ടുണ്ട്. കുടിയേറ്റ കര്‍ഷകരുടെയും ക്രൈസ്തവസഭയുടെയും പിന്തുണയിലെ ഏറ്റക്കുറച്ചില്‍ പേരാവൂരിലെ മല്‍സരഫലം നിര്‍ണയിക്കും. കൂത്തുപറമ്പൊഴികെ മറ്റു മണ്ഡലങ്ങളില്‍ തണുത്ത സമീപനമാണ് ബിജെപിക്കുള്ളതെന്നും ശ്രദ്ധേയം. പ്രത്യേകിച്ച് അഴീക്കോട്, ഇരിക്കൂര്‍, ധര്‍മടം മണ്ഡലങ്ങളില്‍. എന്‍ഡിഎ വോട്ട് എങ്ങോട്ട് മറിയുമെന്നതു കാത്തിരുന്നു കാണണം.
Next Story

RELATED STORIES

Share it