kannur local

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: പരീക്ഷണപ്പറക്കലിന് ദിവസങ്ങള്‍ മാത്രം; മൂര്‍ഖന്‍പറമ്പില്‍ ഒരുക്കങ്ങള്‍ സജീവം

മട്ടന്നൂര്‍: കണ്ണൂര്‍ ആന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപറക്കലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂര്‍ഖന്‍പറമ്പില്‍ ഒരുക്കങ്ങള്‍ സജീവം. ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഊര്‍ജം പകരുന്ന വിമാനത്താവളത്തിലെ പരീക്ഷണപറക്കല്‍ നാടിന്റെ ആഘോഷമാക്കി മാറ്റാനാണു ഒരുക്കങ്ങള്‍ തകൃതിയാവുന്നത്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ മന്ത്രിമാരും കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടി പൊതു ജനങ്ങള്‍ക്ക് വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങളൊരുക്കും.
റണ്‍വേക്കും സമാന്തര ടാക്‌സി വേക്കും അരികിലായി ബാരിക്കേഡുകള്‍ സ്ഥാപിച്ചുവരികയാണ്. ഒന്നര മീറ്റര്‍ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായ 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണപറക്കലിനായി 1500 മീറ്റര്‍ റണ്‍വേ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31ന് പരീക്ഷണപറക്കല്‍ നടത്താനാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്നില്ല. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റില്‍ നിന്നുള്ള അനുമതി കിട്ടാനും കാലതാമസം നേരിട്ടു.
29ന് ആദ്യവിമാനം ഇറങ്ങുന്നതും തിരിച്ച് പറന്നുയരുന്നതും പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെ ബൃഹത്തായ വികസന പദ്ധതി എന്ന നിലയക്ക് പരിപാടി ആഘോഷമാക്കി നടത്താനാണ് വിമാനത്താവള കമ്പനിയായ കിയാല്‍ അധികൃതരും സര്‍ക്കാരും ഉദേശിക്കുന്നത്. ചടങ്ങ് ആഘോഷമാക്കി മാറ്റാന്‍ അടുത്ത ദിവസം ജനപ്രതിനിധികളെയും മറ്റും പങ്കെടുപ്പിച്ച് വിപുലമായ സംഘാടക സമിതി രൂപീകരിക്കും. പരീക്ഷണപറക്കല്‍ നടത്തുമ്പോഴേക്കും പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായി രാപകലില്ലാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. വിമാനത്താവളത്തോടനുബന്ധിച്ചുള്ള ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം അതിവേഗം പുരോഗിമിക്കുകയാണ്. വിമാനം ഇറക്കാനുള്ള സിഗ്നല്‍ സംവിധാനം നേരത്തെ ഒരുക്കിയിരുന്നു. ഉദ്ഘാടനം നടക്കുന്നതിന്റെ റണ്‍വേക്ക് സമീപം ജനങ്ങള്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ചെറുവിമാനം പറന്നിറങ്ങുക. റണ്‍വേ നീട്ടുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. 3050 മീറ്റര്‍ റണ്‍വേ 3400 ആയി വര്‍ധിപ്പിക്കും. 29ന് പരീക്ഷപറക്കലും 2016 സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്. വിമാനം മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ നിന്ന് പറന്നുയരുന്നത് കാണാന്‍ കൊതിച്ചിരിക്കയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it