kannur local

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: ഖനനത്തിനിടെ വീടുകള്‍ക്കു കേടുപാട്; കിയാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്ത് വെടിമരുന്ന് ഉപയോഗിച്ച് ഖനനം നടത്തുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കേടുപാടുണ്ടായ വീടുകള്‍ കിയാല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ കല്ലേരിക്കര, കാര പ്രദേശങ്ങളിലെ പുനരധിവാസ കുടുംബങ്ങളുടേതുള്‍പ്പെടെയുള്ള നൂറോളം വീടുകള്‍ക്കാണു കേടുപാടുണ്ടായത്. വീടുകളുടെ കോണ്‍ക്രീറ്റിലും ചുമരിലും വിള്ളലുണ്ടാവുകയും ജനല്‍ച്ചില്ലുകള്‍ തകരുകയും ചെയ്തു.
പരിസരവാസികളുടെ പ്രതിഷേധത്തുടര്‍ന്ന് ഇന്നലെയാണ് കിയാല്‍ ചീഫ് പ്രൊജക്റ്റ് എന്‍ജിനിയര്‍ കെ പി ജോസ്, മാനേജര്‍ ടി അജയകുമാര്‍, നിഖില്‍ സുരേന്ദ്രന്‍ എന്നിവരും കീഴല്ലൂര്‍ പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും വീടുകളിലെത്തി പരിശോധന നടത്തിയത്. വീടുകള്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബങ്ങളും നാട്ടുകാരും കഴിഞ്ഞ ദിവസം വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ പ്രധാന കവാടത്തിലെത്തി പ്രതിഷേധിച്ചിരുന്നു.
കല്ലേരിക്കരയിലെ പി വി രാജീവന്‍, പി വി ഗിരിജ, എം പ്രദീപന്‍, എം പവിത്രന്‍, ടി പുരുഷോത്തമന്‍, ടി ലക്ഷ്മി, പി പ്രകാശന്‍, ടി കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍, പി നളിനി, പ്രകാശന്‍, പി രാജീവന്‍, പി ഹരീന്ദ്രന്‍, പി ബൈജു, പി സജിന, പൊനോന്‍ ശാന്ത, പി അശോകന്‍, രതീശന്‍, ടി രവീന്ദ്രന്‍, കെ ദിനേശന്‍, വി പി അനില്‍കുമാര്‍, മോഹനന്‍, കെ എം സരസ്വതി, എം രാജീവന്‍, കെ കെ കോരന്‍, കെ നിര്‍മല, വി ഗോവിന്ദന്‍, പ്രദീപന്‍ മാവിലോടന്‍, എ ബി പ്രിജിത്, കെ കുഞ്ഞിക്കണ്ണന്‍, സി കെ ജാനകി, സി രാജന്‍, പി പുരുഷോത്തമന്‍, വെള്ളുവ കുഞ്ഞിരാമന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി കൃഷ്ണന്‍, പി ജാനകി, പി കമല, പി ലക്ഷ്മി, സി കെ ലീല, എം കല്യാണി, കെ കെ പ്രകാശന്‍, പൊനോന്‍ ഗോവിന്ദന്‍, പി രവീന്ദ്രന്‍, കോയിറ്റി ഗോപാലന്‍, കോയിറ്റി കുഞ്ഞികൃഷ്ണന്‍, കടമ്പേരി മുകുന്ദന്‍, കെ പ്രശാന്തന്‍, കല്ലിക്കണ്ടി രോഹിണി, കെ കെ രാജന്‍, പി രമേശന്‍, എം കെ നാരായണന്‍, പി വി മധു, സി കെ നാണി തുടങ്ങിയ 50 വീടുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
ബാക്കി വീടുകളില്‍ ഇന്ന് പരിശോധിക്കും. മുമ്പ് സ്‌ഫോടനത്തില്‍ കൊതേരി, എളമ്പാറ ഭാഗങ്ങളിലെ നിരവധി വീടുകള്‍ക്ക് കേടുപറ്റിയതിനെ തുടര്‍ന്ന് ഖനനം നിര്‍ത്തിവയ്ക്കുകയും നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ചെറിയതോതില്‍ വെടിമരുന്ന് ഉപയോഗിച്ചേ ഖനനം നടത്താവൂ എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഉറപ്പുകള്‍ ലംഘിച്ചതാണ് സ്‌ഫോടനത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അതേസമയം, നാശമുണ്ടായ വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യവസ്ഥ ലംഘിച്ച കരാര്‍ കമ്പനിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it