kannur local

കണ്ണൂരില്‍ 962 ബൂത്തുകളിലെ വോട്ടെടുപ്പ് തല്‍സമയം കാണാം

കണ്ണൂര്‍: ജില്ലയില്‍ തിരഞ്ഞെടുപ്പിനായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 962 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും. വെബ്കാസ്റ്റിങില്‍ ദൃശ്യങ്ങളോടൊപ്പം ശബ്ദവും രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബിഎല്‍ഒ സ്ലിപ്പുകളുടെ വിതരണം തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കുകയും ബിഎല്‍ഒമാരുടെ കൈയില്‍ അവശേഷിക്കുന്ന സ്ലിപ്പുകള്‍ സീല്‍ ചെയ്ത കവറില്‍ തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ദുരുപയോഗം തടയാനാവുവുമെന്ന നിര്‍ദേശമുണ്ട്.
സ്ലിപ്പുകളുടെ വിതരണം കാര്യക്ഷമമാക്കാനായി വിദൂരമേഖലകളില്‍ ബിഎല്‍ഒമാര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ 90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നിട്ടുള്ള 163 ബൂത്തുകള്‍ക്കും ഇതില്‍ പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനത്തിലധികം ഒരേ സ്ഥാനാര്‍ഥിക്ക് ലഭിച്ച ബൂത്തുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 42 ബൂത്തുകളില്‍ വോട്ടു ചെയ്തത് ആര്‍ക്കാണെന്നതിന്റെ പ്രിന്റൗട്ട് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ലഭ്യമാകും.
തിരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനായി ആകെ 20 കമ്പനി കേന്ദ്രസേനയാണ് ജില്ലയിലെത്തുക. ഇതില്‍ നാലു കമ്പനി ഇതിനകം എത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനായി 77 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ കൈവശം വച്ച 45 ലക്ഷം രൂപ ഇതിനകം പിടിച്ചെടുത്ത് ട്രഷറിയില്‍ അടച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കുടിവെള്ളം, ശുചിമുറി, ബൂത്തില്‍ കയറാനും ഇറങ്ങാനും വ്യത്യസ്ത വഴികള്‍, ഷെയ്ഡ്, റാംപുകള്‍ തുടങ്ങിയവയാണ് ഇതില്‍പെടുക.
580 പുതിയ റാംപുകളുടെ പണി പൂര്‍ത്തിയായി വരുന്നതായും കലക്ടര്‍ അറിയിച്ചു. കണ്ണൂരില്‍ പത്തും അഴീക്കോട്, തലശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ അഞ്ചുവീതവും പോളിങ് സ്‌റ്റേഷനുകള്‍ ഇത്തവണ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലുള്ള വനിതാ പോളിങ് സ്റ്റേഷനുകളായിരിക്കും. —ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി സജീവ് എന്നിവരും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it