kannur local

കണ്ണൂരില്‍ 2670 പേര്‍ പോലിസിന്റെ നിരീക്ഷണപ്പട്ടികയില്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങളിലടക്കം ക്രിമിനല്‍ കേസുകളില്‍ പങ്കാളികളായ 2670 പേര്‍ പോലിസിന്റെ നിരീക്ഷണപ്പട്ടികയില്‍. മാര്‍ച്ച് ഒന്നുവരെ വിവിധ അക്രമക്കേസുകളിലടക്കം പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ളവരുടെ വിശദമായ റിപോര്‍ട്ടാണ് ജില്ലാ പോലിസ് മേധാവി തയാറാക്കിയത്.
ഇതിന്റെ ഭാഗമായി ഇതുവരെ കേസില്‍ പ്രതിയായ രാഷ്ട്രീയക്കാര്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. 2670 വാറണ്ട് പ്രതികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ ആയിരത്തോളം പേര്‍ ഇതിനകം ബന്ധപ്പെട്ട ഓഫിസര്‍ മുമ്പാകെ ഹാജരായിട്ടുണ്ട്.
ഇനി 1500ലേറെ പേര്‍ ഹാജരാവാനുണ്ടെന്നാണു വിവരം. ഇവരുടെയെല്ലാം ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഇവര്‍ പ്രതികളാകുന്നുണ്ടോയെന്നു നേരിട്ട് ജില്ലാ പോലീസ് മേധാവി തന്നെ നിരീക്ഷിക്കും. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്. രാത്രി പട്രോളിങ് നടത്തുന്ന പോലിസ് സംഘവും ഇവരെ നിരീക്ഷിക്കും.
ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരാണ് ഫോട്ടോ സഹിതമുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്. കേസിന്റെ ഗൗരവത്തിനനുസരിച്ച് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് റിപോര്‍ട്ട് തയാറാക്കിയത്.
കൊലക്കേസുകളില്‍ പ്രതിയായവരുടെ വിവരങ്ങള്‍ ഡിവൈഎസ്പിയാണ് തയാറാക്കിയത്. ഇത്തരക്കാര്‍ ഡിവൈഎസ്പി മുമ്പാകെയാണ് ഹാജരാവേണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.
കൊലക്കേസുകളിലും അതേ പോലെയുള്ള മറ്റു കേസുകളിലും പ്രതികളായവര്‍ സിഐ മുമ്പാകെയാണ് ഹാജരാവേണ്ടത്. മറ്റു കേസുകളിലെ പ്രതികളെ അതാത് സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നിരീക്ഷണത്തിലാവും.
നിരീക്ഷണപ്പട്ടികയിലുള്ളവര്‍ വീണ്ടും അക്രമപ്രവര്‍ത്തനങ്ങളില്‍ കാപ്പ ഉള്‍പ്പെടെയുള്ളവ ചുമത്താനും നടപടിയെടുക്കും. ഇക്കാര്യം ഇവരെ ബോധ്യപ്പെടുത്തും.
Next Story

RELATED STORIES

Share it