കണ്ണൂരില്‍ 1,042 പ്രശ്‌നബാധിത ബൂത്തുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള പ്രശ്‌നബാധിത ബൂത്തുകളില്‍ ഭൂരിഭാഗവും കണ്ണൂരില്‍. 1,042 എണ്ണം.   കണ്ണൂരില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി അറിയിച്ചു. സംസ്ഥാനത്താകെ അക്രമസാധ്യതയുള്ള 3,137 പോളിങ് സ്റ്റേഷനുകളാണുള്ളത്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ് കാസ്റ്റിങും അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരില്‍ അക്രമത്തിനും കള്ളവോട്ടിനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കമ്മീഷന്‍ നടപടിയെടുത്തത്. സമീപ ജില്ലകളില്‍ നിന്ന് സൂക്ഷ്മ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയ ബൂത്തുകളെ അതീവ പ്രശ്‌നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
പ്രശ്‌നബാധിതാ ബൂത്തുകളില്‍ വോട്ടുചെയ്യാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു. കേന്ദ്രസേനയുടെ ശക്തമായ സുരക്ഷയുമുണ്ടാവും.
അന്ധരായ സമ്മതിദായകരെ വോട്ടുചെയ്യാന്‍ സഹായിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ അവരുടെ വീടുകളില്‍ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ പട്ടിക അനുസരിച്ചായിരിക്കും പ്രിസൈഡിങ് ഓഫിസര്‍ സഹായിയെ വോട്ടുചെയ്യാന്‍ അനുവദിക്കുക. പകരം വോട്ടുചെയ്യുന്ന ആളിന്റെ ദൃശ്യവും വിവരങ്ങളും റിക്കാഡ് ചെയ്ത് സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം ഇവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
കണ്ണൂര്‍ ജില്ലാ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനം ശേഖരിക്കും. മണിക്കൂറില്‍ 120ല്‍ അധികം വോട്ടുകള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ പ്രത്യേകം പരിശോധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it