kannur local

കണ്ണൂരില്‍ റെയില്‍വേ സബ്‌വേ നിര്‍മാണം പുരോഗമിക്കുന്നു

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സബ്‌വേ വിത്ത് ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സബ് വേയുടെ വാര്‍ഫിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുകയാണ്. രണ്ട് ലിഫ്റ്റുകളുടെയും എസ്‌കലേറേറ്ററിന്റേയും പ്രവൃത്തിക്കു പുറമെയാണ് 1.72 കോടി ചെലവഴിച്ചാണ് സബ്‌വേ നിര്‍മിക്കുന്നത്.
23 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ വീതിയിലുമുള്ള സബ്‌വേയുടെ ഉയരം 2.75 മീറ്ററാണ്. ഇതോടെ ഓവര്‍ ബ്രിഡ്ജ് വഴിയും മറ്റും പ്ലാറ്റ്‌ഫോമിലെത്തുന്നവരുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. ഈമാസം തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാണു തീരുമാനം. പ്ലാറ്റ്‌ഫോമുകളിലെയും ഫൂട്ട് ഓവര്‍ ബ്രിഡ്ജിലെയും തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ കാല്‍നടയാത്രയ്ക്ക് സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാലക്കാട് ഡിവിഷനു കീഴില്‍ കേരളത്തിലെ ആദ്യത്തെ സബ്‌വേയാണ് കണ്ണൂരിലേത്. പാലക്കാട് ഡിവിഷനു കീഴില്‍ പൊള്ളാച്ചിയില്‍ മാത്രമാണ് നിലവില്‍ സബ്‌വേ വിത്ത് ഓവര്‍ ബ്രിഡ്ജുള്ളത്.
കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാവുന്നതോടെ റെയില്‍വേ സ്‌റ്റേഷനിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സബ് വേ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, റെയില്‍വേ സ്റ്റേഷനില്‍ അടിയന്തരമായി നാലാം പ്ലാറ്റ്‌ഫോമും കിഴക്കു ഭാഗത്തായി പാര്‍ക്കിങ് സംവിധാനവും വേണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നാലാം പ്ലാറ്റ് ഫോം യാഥാര്‍ഥ്യമായിട്ടില്ല. നാലാം പ്ലാറ്റ്‌ഫോമില്ലാതെ സബ് വേ നിര്‍മിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന ആക്ഷേപവും ശക്തമാണ്. വാഹനങ്ങള്‍ക്കു കടന്നുവരാനും പോകാനും പ്രത്യേകം ട്രാഫിക് സംവിധാനം കിഴക്കുഭാഗത്ത് ഒരുക്കിയിട്ടുണ്ട്.
ഡിവൈഡറും ലാന്‍ഡ്‌സ്‌കേപ്പും പൂന്തോട്ടവും ഒരുക്കാനും പദ്ധതിയുണ്ട്. എന്നാല്‍, ട്രെയിനില്‍ കയറണമെങ്കില്‍ വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്കു പോവേണ്ടത് യാത്രക്കാര്‍ക്കു തിരിച്ചടിയാണ്.
പുതിയ ട്രെയിനുകള്‍ കണ്ണൂരില്‍നിന്നും തുടങ്ങണമെങ്കിലും ഏതെങ്കിലും ട്രെയിന്‍ കണ്ണൂരിലേക്ക് നീട്ടണമെങ്കിലും നാലാം പ്ലാറ്റ്‌ഫോം അനിവാര്യമാണെന്ന എല്ലാവര്‍ക്കും അറിയാമെങ്കിലും അധികൃതര്‍ അംഗീകാരം നല്‍കാന്‍ ഇപ്പോഴും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മടിക്കുകയാണ്.
Next Story

RELATED STORIES

Share it