Districts

കണ്ണൂരില്‍ റീത്തും രാഷ്ട്രീയായുധം

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: വേര്‍പാടിന്റെയും അനുശോചനത്തിന്റെയും ദുഃഖത്തിന്റെയും അടയാളമായ റീത്തിനു പക്ഷേ, കണ്ണൂരില്‍ അതിനപ്പുറവും വ്യാഖ്യാനങ്ങളുണ്ട്. ഇവിടെ റീത്തും ഒരു രാഷ്ട്രീയായുധമാണ്. കൊണ്ടും കൊടുത്തും രാഷ്ട്രീയം പയറ്റുന്ന കണ്ണൂരില്‍ എതിരാളികളുടെ മനസ്സില്‍ ഭീതി പടര്‍ത്താന്‍ വീട്ടുമുറ്റത്തും ഓഫിസുകളിലും റീത്തുവയ്ക്കുന്നത് നിത്യസംഭവമാണ്.
പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ വരെ റീത്തു വച്ചു ഭീഷണിക്കത്തെഴുതിയ ചരിത്രം കണ്ണൂരിനുണ്ട്. റീത്തുകള്‍ വയ്ക്കുന്നതില്‍ സിപിഎമ്മും ബിജെപിയുമാണ് മുന്നില്‍. ചിലയിടത്ത് കോണ്‍ഗ്രസ്സുകാരും ഇതു ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിനമായ ഇന്നലെ ജില്ലയില്‍ രണ്ടിടത്താണ് റീത്ത് കാണപ്പെട്ടത്. ഇരിട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചാവശ്ശേരി ടൗണില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ മഹിജയുടെ വീട്ടിലാണ് റീത്തു വച്ചത്. വരാന്തയിലെ ചവിട്ടിയില്‍ നീളത്തിലുള്ള വാഴയില മുറിച്ചിട്ട് അതില്‍ റീത്ത് വയ്ക്കുകയായിരുന്നു. ചൊക്ലി ഒളവിലത്തെ കോണ്‍ഗ്രസ് നേതാവും 11ാം വാര്‍ഡ് പ്രസിഡന്റുമായ ഒളവിലം നാരായണന്‍ പറമ്പ് താനിക്കല്‍ താഴെ കുനിയില്‍ വിജയന്റെ വീട്ടുപറമ്പിലും റീത്ത് കണ്ടെത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പും പ്രഖ്യാപന ശേഷവുമായി 20ഓളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ റീത്ത് കാണപ്പെട്ടത്. പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, ചെറുവാഞ്ചേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ചൊക്ലി, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് കൂടുതലായും റീത്തുകള്‍ കൊണ്ട് ഭീഷണിയുയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it