കണ്ണൂരില്‍ പോളിങ് സമാധാനപരം

കണ്ണൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സമാധാനാപരമായി അവസാനിച്ചു. ഒറ്റപ്പെട്ട സംഘര്‍ഷവും കള്ളവോട്ട് ശ്രമവും ഒഴിച്ചാല്‍ പൊതുവെ പ്രശ്‌നരഹിത വോട്ടെടുപ്പായിരുന്നു കണ്ണൂരിലേത്.
മഴയും വെയിലുമില്ലാത്ത അനുകൂല കാലവസ്ഥയില്‍ ജില്ലയില്‍ രാവിലെ മുതല്‍ വോട്ടര്‍മാരില്‍ പ്രകടമായ ഉല്‍സാഹം പോളിങ് ശതമാനം ഉയര്‍ത്തുന്നതിലാണ് അവസാനിച്ചത്. കഴിഞ്ഞ തവണ 80.3 ശതമാനമായിരുന്നു പോളിങ്. ഇക്കുറി അത് 79.57 ആയി ഉയര്‍ന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക് ലഭിച്ചിട്ടില്ല. പോസ്റ്റല്‍ വോട്ട്കൂടി ചേരുമ്പോള്‍ പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാവും.
കള്ളവോട്ട് ശ്രമത്തിനിടെ പേരാവൂര്‍, പാട്യം, കതിരൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകരെ പോലിസ് പിടികൂടിയത്. നടപടിക്രമങ്ങള്‍ പലാക്കാതിരുന്ന രണ്ട് ബൂത്ത്‌ലവല്‍ ഓഫിസര്‍മാരെ ജില്ലാകലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ പി ബാലകിരണ്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആറുമണി കഴിഞ്ഞും പലയിടത്തും വോട്ടര്‍മാര്‍ നീണ്ട ക്യൂവിലായിരുന്നു. സംസ്ഥാന പോലിസ് സേനയൊടൊപ്പം 29 കമ്പനി കേന്ദ്രസേനയും ചേര്‍ന്നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കിയത്. സുരക്ഷയുടെ ഭാഗമായി ആകെയുണ്ടായിരുന്ന 1,629 പോളിങ് ബൂത്തുകളില്‍ 1,054 ഇടങ്ങളിലും ലൈവ് വെബ്കാസ്റ്റിങ് ഒരുക്കിയിരുന്നു. 192 ബൂത്തുകളില്‍ മുഴുസമയ വീഡിയോ കവറേജും ഒരുക്കിയിരുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു.
615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ബൂത്തിന് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സുരക്ഷയൊരുക്കിയത്.
Next Story

RELATED STORIES

Share it