Districts

കണ്ണൂരില്‍ കോര്‍പറേഷന്‍ ഭരണം വിമതന്‍ തീരുമാനിക്കും

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: രൂപീകരണം മുതല്‍ യുഡിഎഫ് ഭരിച്ച കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായി മാറിയപ്പോള്‍ പ്രഥമഭരണം തന്നെ യുഡിഎഫിനു കീറാമുട്ടിയായി. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച കണ്ണൂരില്‍ ഭരണം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് വിമതന്‍. ഇവിടെ ആകെയുള്ള 55ല്‍ 27 സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും വിജയിച്ചപ്പോള്‍ ഒരെണ്ണം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി പി കെ രാഗേഷ് നേടി. വാര്‍ഡ് രൂപീകരണത്തില്‍ വരെ തികച്ചും യുഡിഎഫ് പക്ഷത്തേക്കു ചായുമെന്ന് പ്രവചിച്ചിരുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിലെ വിമതര്‍ കരുത്തുകാട്ടിയപ്പോള്‍ കാലിടറിയത് യുഡിഎഫിനു തന്നെ.
മേയര്‍ സ്ഥാനാര്‍ഥിയെപ്പോലും തീരുമാനിക്കാതെ ജനവിധി നേരിട്ട എല്‍ഡിഎഫിനു ലഭിച്ചത് തികച്ചും ബോണസ് സീറ്റുകള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം ഉടലെടുത്ത പഞ്ഞിക്കീല്‍ ഡിവിഷനില്‍നിന്നു ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷാണ് ഇനി തീരുമാനമെടുക്കേണ്ടത്. കെപിസിസി ആവശ്യപ്പെട്ടാല്‍ മാത്രമേ യുഡിഎഫിനെ പിന്തുണയ്ക്കൂവെന്നു പറഞ്ഞ ഇദ്ദേഹം ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപാധികളോടെയുള്ള പിന്തുണ വേണ്ടെന്നാണു പ്രധാന എതിരാളിയായ കെ സുധാകരന്റെ അഭിപ്രായം. ഏതായാലും വിമതന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫിന് ഭരിക്കാനാവുകയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രാഗേഷിനെ സമവായത്തിലെത്തിച്ച് കോര്‍പറേഷന്‍ യുഡിഎഫ് ഭരിക്കുമെന്നാണു സൂചന. അതേസമയം, പി കെ രാഗേഷിനെ എല്‍ഡിഎഫും സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപിക്ക് ഒരു ഡിവിഷനില്‍ പോലും വിജയിക്കാനായില്ല.
യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ കണ്ണൂര്‍ കോര്‍പറേഷനില്‍ ഉണ്ടായിട്ടും ഭൂരിപക്ഷം നേടാനാവാത്തത് കനത്ത തിരിച്ചടിയായി. വിമത ഭീഷണിയും യുഡിഎഫിലെ ഭിന്നതയുമാണ് ഇതിനു കാരണം. പി കെ രാഗേഷ് ജയിച്ചിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായ ലീഗ് പ്രതിനിധി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാല്‍, രാഗേഷ് അനുകൂലികള്‍ മല്‍സരിപ്പിച്ച മറ്റു വിമത സ്ഥാനാര്‍ഥികളെല്ലാം തോറ്റു.
കണ്ണൂര്‍ നഗരസഭയും പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ പഞ്ചായത്തുകളും ചേര്‍ത്താണു പുതിയ കോര്‍പറേഷന്‍ രൂപീകരിച്ചത്. ഇതില്‍ നഗരസഭയും പള്ളിക്കുന്ന്, പുഴാതി, എടക്കാട് പഞ്ചായത്തുകളും യുഡിഎഫാണു ഭരിച്ചിരുന്നത്. കിഴുന്ന ഡിവിഷനില്‍ നിന്നു കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സുമ ബാലകൃഷ്ണന്‍ ഇടതു സ്ഥാനാര്‍ഥിയായ എം വി രാഘവന്റെ മകള്‍ എം വി ഗിരിജയെയാണ് തോല്‍പ്പിച്ചത്. യുഡിഎഫിലെ പ്രമുഖര്‍ക്കും കണ്ണൂരില്‍ കാലിടറി. മുന്‍ നഗരസഭാധ്യക്ഷ ലീഗിലെ റോഷ്‌നി ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡിസിസി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് എന്നിവര്‍ തോല്‍വിയുടെ രുചിയറിഞ്ഞു.
Next Story

RELATED STORIES

Share it