kannur local

കണ്ണൂരില്‍ കൊടിനാട്ടുന്നതാര്; മാറിയും മറിഞ്ഞും പ്രതീക്ഷകള്‍

കണ്ണൂര്‍: കൈപ്പത്തി ചിഹ്‌നത്തില്‍ മല്‍സരിക്കുന്നത് കമ്മ്യൂണിസ്റ്റ് നാട്ടില്‍ നിന്നെത്തിയ ഖദര്‍ധാരി. കൈപ്പത്തിക്കെതിരേ ജനവിധി തേടുന്നതോ, ഗാന്ധിയന്‍ ആദര്‍ശം മുറുകെപ്പിടിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്നയാള്‍. പാളയത്തില്‍ പട തീര്‍ക്കാന്‍ മറ്റൊരു ഖദര്‍ധാരിയും. മുന്നണികളുടെ വാഗ്ദാനപ്പെരുമഴയ്ക്കപ്പുറം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുറച്ച് എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍. കാലങ്ങളോളം വലതിനൊപ്പം നിന്ന കണ്ണൂരില്‍ ഇക്കുറി മുമ്പത്തേക്കാളുപരി മല്‍സരം കടുപ്പമേറുമെന്നത് ഓരോ ദിവസത്തെയും ചലനങ്ങള്‍ തന്നെ സാക്ഷി. കമ്മ്യൂണിസ്റ്റ് കോട്ടയെന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ ആസ്ഥാന മണ്ഡലം കൂടെച്ചേര്‍ക്കാന്‍ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും സിപിഎമ്മിനായിട്ടില്ല. കോണ്‍ഗ്രസ് വിട്ടവരെ പിന്തുണച്ചിട്ടും പോലും രക്ഷയില്ലാതായപ്പോള്‍ ഘടകക്ഷികള്‍ക്കു സീറ്റ് നല്‍കി രക്ഷപ്പെടുകയാണു പതിവ്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. ഇടതുപക്ഷത്തിനു വേണ്ടി മല്‍സരിക്കുന്നത് കോണ്‍ഗ്രസ്(എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍. എല്ലായ്‌പോഴും തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ നിന്ന് ചാവേര്‍ എന്ന വിളിപ്പേര് വീണ സതീശന്‍ പാച്ചേനിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐയ്ക്കു വേണ്ടി നഗരസഭാ മുന്‍ കൗണ്‍സിലറും നാട്ടുകാരിയുമായ ജില്ലാ സെക്രട്ടറി കെ പി സുഫീറയാണു ജനവിധി തേടുന്നത്. ബിജെപി കെ ജി ബാബുവിനെയും വെല്‍ഫെയര്‍പാര്‍ട്ടി റഹ്‌ന ടീച്ചറെയും പരീക്ഷിക്കുന്നു. എല്ലാറ്റിനുമുപരി വിമതപ്രവര്‍ത്തനം കാരണം കോണ്‍ഗ്രസ് പുറത്താക്കിയ പി കെ രാഗേഷിന്റെ അനുയായിയും കൂടി രംഗത്തെത്തുകയാണെങ്കില്‍ നഗരമണ്ഡലത്തില്‍ ഇക്കുറി വീറും വാശിയും വാനോളമുയരുമെന്നുറപ്പ്. സിറ്റിങ് എംഎല്‍എ എ പി അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്കു മാറ്റിയതു മുതല്‍ കണ്ണൂരില്‍ നേരിയ വിജയപ്രതീക്ഷ പുലര്‍ത്തുകയാണ് എല്‍ഡിഎഫ് ക്യാംപ്. ഇതിലും മികച്ചൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ ജയം കൈപ്പിടിയിലൊതുക്കാമെന്നു വരെ അണിയറയില്‍ സംസാരമുണ്ട്. മാത്രമല്ല, മല്‍സ്യത്തൊഴിലാളികള്‍ക്കിടിയില്‍ അബ്ദുല്ലക്കുട്ടിക്കെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എല്‍ഡിഎഫ് പ്രതീക്ഷകളെയും നിസ്സാരമായിക്കാണാനാവാത്ത അവസ്ഥയാണ് കണ്ണൂരിലുള്ളത്. പഴയ കോണ്‍ഗ്രസുകാരനായ രാമചന്ദ്രന്‍ കടന്നപ്പള്ളിയാവട്ടെ മുക്കുമൂലകളില്‍ വരെ കയറിയിറങ്ങി പ്രചാരണം ഊര്‍ജിതപ്പെടുത്തുകയാണ്. ഒരുകാലത്ത് കെ സുധാകരനെതിരേ കൊമ്പുകോര്‍ത്ത സതീശന്‍ പാച്ചേനിക്കും ആദര്‍ശ രാഷ്ട്രീയം തന്നെയാണു മുതല്‍ക്കൂട്ട്. നാളിതുവരെയായി കോണ്‍ഗ്രസിനു വേണ്ടി പണിയെടുത്തിട്ടും ഒരിക്കല്‍ പോലും ഉറച്ച സീറ്റ് നല്‍കാത്തത് മോശമാണെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ തന്നെയുണ്ടായിരുന്നു. ഇതിനുള്ള പ്രത്യുപകാരം കൂടിയാണ് ഇത്തവണത്തെ സീറ്റ് വാഗ്ദാനം. എന്നാല്‍, സീറ്റിനു വേണ്ടി ഗ്രൂപ്പ് തന്നെ മാറിയതോടെ സതീശന്‍ പാച്ചേനിയോട് എ ഗ്രൂപ്പുകാര്‍ക്കും നീരസമുണ്ട്. എ ഗ്രൂപ്പുകാര്‍ക്കൊപ്പം നിന്ന പി കെ രാഗേഷിനെ പുറത്താക്കുകയും അദ്ദേഹം സ്ഥാനാര്‍ഥിയെ നിര്‍്ത്തുകയും ചെയ്താല്‍ അത് പാച്ചേനിക്കു തലവേദനയാവുക തന്നെ ചെയ്യും. മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ആയിക്കരയിലും സമീപ പ്രദേശങ്ങളിലും സിറ്റിങ് എംഎല്‍എയുടെ പ്രവര്‍ത്തന പോരായ്മയാണ് എസ്ഡിപിഐയുടെ പ്രചാരണത്തില്‍ മുന്നിലുള്ളത്. ആയിക്കര തുറമുഖത്തെ ഡ്രഡ്ജിങ്, ഫിഷറീസ് ഓഫിസ് ആക്രമണത്തില്‍ അധികൃതര്‍ തുടര്‍ന്നുവന്ന പ്രതികാര നടപടികള്‍, നഗരത്തിലെ കുടിവെള്ള പ്രശ്‌നം, മുക്കടവില്‍ ഫഌറ്റ് വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കല്‍ എന്നിവയെല്ലാം നേരിട്ടറിഞ്ഞാണ് എസ്ഡിപിഐയുടെ കെ പി സുഫീറയുടെ പ്രചാരണം. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ച് വിവാദങ്ങളില്‍ മാത്രം ഒതുക്കുന്ന മുന്നണികളുടെ ഗൂഢതന്ത്രത്തെയും എസ്ഡിപിഐ തുറന്നുകാട്ടുന്നുണ്ട്. ഒരുമാസം മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവ—മാണ് സുഫീറയും പ്രവര്‍ത്തകരും. പയ്യാമ്പലം ശ്മശാന വിവാദത്തിലും മറ്റും ഇടപെട്ടിരുന്ന ആര്‍എസ്എസ് നേതാവ് കെ ജി ബാബുവിലൂടെ വോട്ടുകള്‍ കൈക്കലാക്കാനാണ് ബിജെപിയുടെ ശ്രമം. സിറ്റി ഡിഐഎസ് സ്‌കൂളിലെ അധ്യാപികയായ സി പി രഹ്‌നയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലുണ്ടായ ഗതിമാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ് കച്ചമുറുക്കുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം. വിമതപ്രശ്‌നവും ഗ്രൂപ്പുമാറ്റവുമെല്ലാം ഏതു വിധത്തില്‍ വിധിയെഴുത്തിനെ ബാധിക്കുമെന്നതാണ് മണ്ഡലത്തിലെ പ്രധാന ചോദ്യം.
Next Story

RELATED STORIES

Share it