kannur local

കണ്ണൂരില്‍ ആദ്യവിമാനം ഇറങ്ങിയത് മറ്റൊരു 29ന്

കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം ഇന്നു പറന്നിറങ്ങുന്നതിനു മുമ്പേ കണ്ണൂരിന്റെ വ്യോമചരിത്രത്തില്‍ മറ്റൊരു 29ാം തിയ്യതികൂടി ഇടംപിടിച്ചിരുന്നു. 80 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു 29ാം തിയ്യതിയാണ് കണ്ണൂരിന്റ മണ്ണില്‍ ആദ്യവിമാനം പറന്നിറങ്ങിയത്. കണ്ണൂര്‍ കന്റോണ്‍മെന്റിലെ ബ്രിട്ടീഷ് മിലിട്ടറി ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് 1935 ഒക്ടോബര്‍ 29നായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. വ്യോമഭൂപടത്തില്‍ സ്ഥാനമില്ലാതിരുന്ന കണ്ണൂരുകാര്‍ക്ക് അന്നും ഇന്നും അതൊരു അദ്ഭുതമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നു വാണിജ്യാടിസ്ഥാനത്തില്‍ വിമാനം പറന്നുയരാന്‍ ചിറക് വിടര്‍ത്തുകയാണ് ഇന്നുമുതല്‍. 1935 ഒക്ടോബറില്‍ വിണ്ണില്‍ ചരിത്രമെഴുതിയാണ് രാജ്യത്തെ ആദ്യ പൈലറ്റുമാരിലൊരാളായ ജെആര്‍ഡി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഡിഎച്ച് 83 ഫോക്‌സ് മോത്ത് എന്ന ചെറുവിമാനം അന്ന് കണ്ണൂരില്‍ പറന്നെത്തിയത്.
വിമാനത്തിന്റെ ചിറകടി അറിഞ്ഞ് അന്ന് നിരവധിപേരാണ് വിമാനം കാണാനെത്തിയത്. ടാറ്റയുടെ സുഹൃത്തുക്കളായ ടാറ്റ കമ്പനി ജീവനക്കാരന്‍ ജാംഷെഡ് നവ്‌റോജിയും മുംബൈയിലെ വ്യാപാരിയായിരുന്ന സേഥ് കാഞ്ചി ദ്വാരക ദാസുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. മുംബൈയില്‍ നിന്നു തിരുവന്തപുരത്തേക്കു സര്‍വീസ് നടത്തുകയായിരുന്ന വിമാനം ഇന്ധനം നിറയ്ക്കാനാ—ണ് അന്ന് കണ്ണൂരിലിറക്കിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഗോവയിലും കണ്ണൂരിലും മാത്രമായിരുന്നു ലാന്‍ഡിങ്.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ ആവശ്യപ്പെട്ടതനുസരിച്ചാണു ടാറ്റ തിരുവന്തപുരത്തേക്കു കൂടി സര്‍വീസ് നടത്തിയത്. പ്രധാനമായും കത്തുകള്‍ വഹിച്ചുകൊണ്ടായിരുന്നു ചെറുവിമാനത്തിന്റെ യാത്ര. ബ്രിട്ടീഷ് ഭരണകാലത്തു കണ്ണൂര്‍ കന്റോണ്‍മെന്റിലേക്കു മുംബൈയില്‍ നിന്നും ധാരാളം സന്ദേശങ്ങളുണ്ടാകുമായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ എളുപ്പത്തില്‍ കണ്ണൂരില്‍ എത്തിക്കാനും വിമാനം ഇറങ്ങിയതുകൊണ്ട് സഹായകമായി. കൊച്ചുകുട്ടിയായിരിക്കേ വിമാനമിറങ്ങുന്നതിനു സാക്ഷിയായിരുന്നുവെന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. യന്ത്രപ്പക്ഷിയെ കാണാന്‍ അക്കാലത്തു വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതായും കണ്ണൂരില്‍ വിമാനമിറങ്ങിയത് ഉല്‍സവാന്തരീക്ഷമായിരുന്നുവെന്നും കൃഷ്ണന്‍ നായര്‍ വിവരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it