Districts

കണ്ണൂരില്‍ അക്രമം പടരുന്നു; നാലുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പൊതുവെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിനു ശേഷം കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍ വിവിധയിടങ്ങളിലേക്കു പടരുന്നു. തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനും കോര്‍പറേഷന്‍ പരിധിയിലെ കസാനക്കോട്ടയില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. കസാനക്കോട്ടയില്‍ ഒരു ലീഗ് പ്രവര്‍ത്തകനു കുത്തേറ്റു. തിരഞ്ഞെടുപ്പു ദിവസം ബോംബേറുണ്ടായ തളിപ്പറമ്പ് ഏഴാം മൈലില്‍ നിന്ന് ഒരു സ്റ്റീല്‍ബോംബ് കണ്ടെടുത്തു.

ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടാക്രമണവും ബോംബേറും അക്രമവും അരങ്ങേറി. കസാനക്കോട്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ അഞ്ചുകണ്ടി തലയ്ക്കല്‍ ഷമല്‍(25), കസാനക്കോട്ട പള്ളിവളപ്പില്‍ നബീല്‍(24) എന്നിവരെ ലീഗ് പ്രവര്‍ത്തകരാണു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകീട്ട് 5.15ഓടെയാണു സംഭവം. അക്രമത്തിനിടെ കുത്തേറ്റ ലീഗ് പ്രവര്‍ത്തകന്‍ കട്ട റഊഫിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും തളിപ്പറമ്പ് ഓട്ടോ ലേബര്‍ യൂനിയന്‍(സിഐടിയു) പ്രസിഡന്റുമായ പട്ടേരി രമേശനെ(51) ഓട്ടോ സവാരിക്ക് വിളിച്ചുകൊണ്ടുപോയി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.15ഓടെ ഫാറൂഖ് നഗറിലെ വാട്ടര്‍ അതോറിറ്റി ടാങ്കിനു സമീപത്തുവച്ചാണു ആക്രമിച്ചത്.
Next Story

RELATED STORIES

Share it