Kerala

കണ്ണൂരിലെ സിപിഎം-ബിജെപി നേതാക്കളുടെ ഗണ്‍മാന്‍മാരെ പിന്‍വലിക്കുന്നു

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയേറെയുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കണ്ണൂരിലെ സിപിഎം നേതാക്കളുടെ ഗണ്‍മാന്‍മാരെ സര്‍ക്കാര്‍ പിന്‍വലിക്കുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂരില്‍ പ്രവേശിക്കുന്നതിനു വിലക്കുമുള്ള പി ജയരാജന്‍, രണ്ടു വര്‍ഷം മുമ്പ് ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ ബിജെപി മുന്‍ ദേശീയ സമിതിയംഗം ഒ കെ വാസു, ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്‍ എന്നിവരുടെ ഗണ്‍മാന്‍മാരെയാണ് പിന്‍വലിക്കുന്നത്. മൂവര്‍ക്കും ഏര്‍പ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ 15നകം കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന്റെ ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യാന്‍ എസ്പി പി ഹരിശങ്കര്‍ നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പ് ജോലിക്കു വേണ്ടി സേനയെ ആവശ്യമുള്ളതിനാലാണു ഗണ്‍മാന്‍മാരെ പിന്‍വലിക്കുന്നതെന്നാണു പോലിസ് വിശദീകരണം. 1996ലെ തിരുവോണനാളില്‍ ആര്‍എസ്എസിന്റെ വധശ്രമത്തിനിരയായ ശേഷമാണ് പി ജയരാജനു പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍, സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂര്‍, ചെറുവാഞ്ചേരി മേഖലയിലുള്ളവരാണ് മറ്റു രണ്ടുപേര്‍. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ശേഷം നിരവധി തവണ ആക്രമണ ശ്രമങ്ങള്‍ക്കു വിധേയരായവരാണ് ഒ കെ വാസുവും എ അശോകനും. ഒ കെ വാസു സഞ്ചരിച്ച വാഹനത്തിനു നേരെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ബോംബേറുണ്ടായിരുന്നു.
അശോകന്റെ നാടായ ചെറുവാഞ്ചേരിയില്‍ സിപിഎം ഓഫിസുകള്‍ ആക്രമിക്കപ്പെടുന്നതും പതിവാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇരുവര്‍ക്കുമുള്ള ഗണ്‍മാന്‍ സുരക്ഷ പിന്‍വലിക്കുന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it