കണ്ണൂരിലെ പോളിങ് ഉദ്യോഗസ്ഥര്‍ ആശങ്കയില്‍

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമ്പോള്‍ കണ്ണൂരിലെ പോളിങ് ഉദ്യോഗസ്ഥര്‍ ആശങ്കയില്‍. പോളിങ് ശതമാനം 90 കടന്നാല്‍ കള്ളവോട്ട് ആരോപണവും റീപോളിങ് ആവശ്യവുമുയരും. ഇതിനു പുറമെ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയുമാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധിയാവുന്നത്. പോളിങ് ശതമാനം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ ് വകുപ്പിനു കീഴില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്റ്ററല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്ന പേരില്‍ വിവിധ പരിപാടികളാണു നടത്തുന്നത്.
ഇന്‍ഫര്‍മേഷന്‍ ഓഫിസ് കേന്ദ്രീകരിച്ചാണു പരിപാടികള്‍ നടത്തുന്നത്. ഇതിനു പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ രംഗത്തുണ്ട്. മുതിര്‍ന്ന വോട്ടര്‍മാരെ ആദരിക്കല്‍, കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍, ബൈക്ക് റാലി, കൂട്ടയോട്ടം, പ്രതിജ്ഞ, പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികള്‍ എന്നിവയാണു നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും കലക്ടറേറ്റുകളിലെ വീഡിയോ വാളിലൂടെയും നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഓരോ വാര്‍ഡിലെയും എല്ലാ വോട്ടര്‍മാരും ബൂത്തിലെത്തിയെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വീപ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
എന്നാല്‍, ഇതിന്റെയൊക്കെ ഫലമായി പോളിങ് വര്‍ധിച്ചാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണത്തെ പോളിങ് ഉദ്യോഗസ്ഥര്‍ ആശങ്കയോടെയാണു കാണുന്നത്. പ്രത്യേകിച്ച്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ എരുവേശ്ശിയിലും മറ്റും കള്ളവോട്ട് ചെയ്തതിനു 11 പോളിങ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍.
മുന്‍കാലങ്ങളില്‍ നിന്നു വിഭിന്നമായി കള്ളവോട്ട് ആരോപണങ്ങളിലൊതുങ്ങാതെ ആദ്യമായി അറസ്റ്റ് നടപടികളിലേക്കു നീങ്ങിയതും ഇവരെ ഭീതിയിലാഴ്ത്തുന്നു. ജില്ലയിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ക്ക് മികച്ച സ്വാധീനമുള്ള സ്ഥലങ്ങളില്‍ കള്ളവോട്ട് ചെയ്യാറുണ്ടെന്നതാണു മുന്‍കാല തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍. പ്രവാസികള്‍, മരണപ്പെട്ടിട്ടും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവര്‍, കിടപ്പുരോഗികള്‍, നാട്ടിലില്ലാത്തവര്‍ എന്നു വേണ്ട സംശയമുള്ളവരുടെ വോട്ട് പോലും ചെയ്യുന്ന സ്ഥലങ്ങളുണ്ട്. സ്ത്രീകളുടെ വോട്ട് പുരുഷന്‍മാര്‍ ചെയ്തതായി എരുവേശ്ശിയിലും തെളിഞ്ഞിട്ടുണ്ട്. ബൂത്ത് ഏജന്റുമാര്‍ പോലും ഇരിക്കാന്‍ മടിക്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ കള്ളവോട്ട് കണ്ടില്ലെന്നു നടിക്കുകയാണു പതിവ്. എതിര്‍ക്കാന്‍ ആളില്ലെങ്കില്‍ വെറുതെ പിണക്കേണ്ടെന്ന് കരുതുന്ന ഉദ്യോഗസ്ഥരെയും കുറ്റം പറയാനാവില്ല. ഇതിനെല്ലാം തിരിച്ചടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 51 ബൂത്തുകളില്‍ 90 ശതമാനത്തിലേറെ പോളിങ് നടന്നിരുന്നു. ഇതില്‍ 97 ശതമാനം പോളിങ് വരെ നടന്ന ബൂത്തുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 115 ബൂത്തുകളില്‍ 90 ശതമാനത്തിന് മുകളിലാണു പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ സിപിഎം കേന്ദ്രങ്ങളിലാണ് പോളിങ് ശതമാനം ഉയരുന്നത് എന്നതിനാല്‍ പലപ്പോഴും കള്ളവോട്ട് ആരോപണവും ശക്തമാണ്.
Next Story

RELATED STORIES

Share it