കണ്ണൂരിലെ തിരഞ്ഞെടുപ്പ് പരാജയം; സ്ഥാനമൊഴിയാന്‍ സന്നദ്ധനായി ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍: ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു തുടര്‍ച്ചയായ തോല്‍വികള്‍ ഉണ്ടാവുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയാന്‍ തയ്യാറെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍. 39 വര്‍ഷത്തോളം കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമായ കണ്ണൂര്‍ നഷ്ടപ്പെട്ടതോടെ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും ഇളക്കിപ്രതിഷ്ഠ വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
നേതൃത്വം ആവശ്യപ്പെട്ടാല്‍ പദവിയില്‍നിന്നു മാറിനില്‍ക്കാന്‍ തയ്യാറാണെന്നും കെ സുധാകരനോ അബ്ദുല്ലക്കുട്ടിയോ മല്‍സരിച്ചാല്‍ കണ്ണൂര്‍ സീറ്റീല്‍ ജയിക്കാമായിരുന്നെന്നും അദ്ദേഹം സ്വകാര്യ ചാനലിനോടു പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ കുറഞ്ഞതും ബിജെപി വോട്ടുകള്‍ കൂടിയതും പ്രവര്‍ത്തന പോരായ്മയുമാണ് തോല്‍വിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ നേത്യത്വത്തെയും നയങ്ങളെയും വിമര്‍ശിച്ച് കെ സുധാകരന്‍തന്നെ രംഗത്തെത്തിയതോടെയാണ് സുരേന്ദ്രന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനായത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും നേതൃത്വവും പരാജയപ്പെട്ടെന്നും പറഞ്ഞ സുധാകരന്‍, കെപിസിസിയുടെ അനങ്ങാപ്പറ നയമാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമെന്നും തുറന്നടിച്ചിരുന്നു. സതീശന്‍ പാച്ചേനിയുടെ തോല്‍വി ഞെട്ടിച്ചെന്നും ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നയിക്കാന്‍ ഒരു നായകന്‍ ഇല്ലാത്തതാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമെന്നു സതീശന്‍ പാച്ചേനിയും തുറന്നുപറഞ്ഞു.
കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ അവിഭാജ്യ ഘടകമായ കെ സുധാകരനെ ഉദുമയിലേക്കു മാറ്റുകവഴി കണ്ണൂരിലും ഉദുമയിലും തിരിച്ചടിയുണ്ടാവുമെന്നു മുന്‍കൂട്ടി കാണാന്‍ നേതൃത്വത്തിനായില്ല. ഉദുമ പിടിച്ചെടുക്കാമെന്നു കരുതിയാണ് സുധാകരന്‍ പോയതെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം. അതേസമയം, കണ്ണൂര്‍ നഷ്ടപ്പെടുകകൂടി ചെയ്തതോടെ തിരിച്ചടിയുടെ ആക്കംകൂടി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് മുതല്‍ ഉയര്‍ന്നുവന്ന വിമതപ്രശ്‌നം പരിഹരിക്കുന്നതിലെ വീഴ്ചയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മയുമാണ് കണ്ണൂരില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു കാരണം.
കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ 6,443 വോട്ടിന് എ പി അബ്ദുല്ലക്കുട്ടി ജയിച്ച മണ്ഡലത്തിലാണ് സതീശന്‍ പാച്ചേനിയുടെ തോല്‍വി. കടന്നപ്പള്ളിയോട് 1,196 വോട്ടിന് പരാജയപ്പെട്ടെന്നു മാത്രമല്ല, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പോലും മുന്നേറാനുമായില്ല. തോല്‍വിക്കു മുഖ്യകാരണം അടിത്തട്ടില്‍ പ്രവര്‍ത്തനം നടക്കാത്തതാണെന്ന് സതീശന്‍ പാച്ചേനി ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it