കണ്ണൂരിലെ കള്ളവോട്ട്: മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിനു കൂട്ടുനിന്നെന്ന കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. തളിപ്പറമ്പ് ബിഇഎംഎല്‍പി സ്‌കൂളിലും കൂവേരി ജിഎല്‍പി സ്‌കൂളിലും കള്ളവോട്ട് ചെയ്യാന്‍ സഹായം ചെയ്‌തെന്ന കേസിലാണ് ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൊട്ടിയൂരിലെ എം മനോജ്, മഞ്ചേശ്വരം കമേഴ്‌സ്യല്‍ ചെക്‌പോസ്റ്റിലെ അസി. കമേഴ്‌സ്യല്‍ ടാക്‌സ് ഓഫിസര്‍ എം ബാലകൃഷ്ണന്‍, കൂടാളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പി പി ദിജേഷ് എന്നിവരെ തളിപ്പറമ്പ് എസ്‌ഐ പി രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം കൂവേരി ജിഎല്‍പി സ്‌കൂളിലെ ഒന്നാം പോളിങ് ഓഫിസര്‍മാരായ തോട്ടട ജിഎച്ച്എസ്എസ് അധ്യാപകന്‍ പി മുരളി, മൂന്നാം പോളിങ് ഓഫിസര്‍ തളിപ്പറമ്പ് നഗരസഭയിലെ മൂന്നാം ഗ്രേഡ് അസി. ഓവര്‍സിയര്‍ കെ ആര്‍ രാജീവ്, തളിപ്പറമ്പ് ബിഇഎംപി സ്‌കൂളിലെ ഒന്നാം പോളിങ് ഓഫിസര്‍മാരായ കൂത്തുപറമ്പ് സഹകരണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടറായ മധു പൂക്കുന്നത്ത്, രണ്ടാം പോളിങ് ഓഫിസര്‍മാരായ മട്ടന്നൂര്‍ പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് രണ്ടാം സെക്ഷന്‍ അസി. എന്‍ജിനീയര്‍ എന്‍ വി സെബാസ്റ്റ്യന്‍ എന്നിവരെ തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഏരുവേശ്ശി പഞ്ചായത്തിലെ 109ാം നമ്പര്‍ ബൂത്തിന്റെ ചുമതല വഹിച്ചിരുന്ന കാടാച്ചിറ ഹൈസ്‌കൂള്‍ അധ്യാപകന്‍ വി കെ സജീവന്‍, പഴയങ്ങാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ വി സന്തോഷ്‌കുമാര്‍, പൊറക്കളം കോളജ് സീനിയര്‍ ഓഫിസര്‍ എ സി സുദീപ്, തലശ്ശേരി വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിങ് ഓഫിസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഷജിനേഷ് തുടങ്ങിയവരെ കുടിയാന്‍മല പോലിസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറസ്റ്റിലാവുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 11 ആയി.
പോളിങ് ദിവസം സ്ഥലത്തില്ലാത്തവരുടെയും കിടപ്പിലായ രോഗികളുടെയും വോട്ടുകള്‍ വ്യാജമായി ചെയ്യാന്‍ സഹായിച്ചെന്നാണ് കേസ്.
Next Story

RELATED STORIES

Share it