kannur local

കണ്ണൂരിന്റെ ഗതാഗതക്കുരുക്കഴിക്കല്‍; കാല്‍ടെക്‌സ് വിപുലീകരണം ദ്രുതഗതിയില്‍

കണ്ണൂര്‍: ഗതാഗതക്കുരുക്ക് കാരണം വീര്‍പ്പുമുട്ടുന്ന കണ്ണൂര്‍ നഗരത്തിലെ കുരുക്കഴിക്കാനുള്ള നിര്‍ദേശങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള കാല്‍ടെക്‌സ് വിപുലീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
കഴിഞ്ഞ ആഗസ്ത് അവസാനവാരം പി കെ ശ്രീമതി എംപി പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശേഷം വിവിധ പ്രവൃത്തികളാണു നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി കലക്ടറേറ്റ് വളപ്പിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിത്തുടങ്ങി. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയ ശേഷം പ്രവൃത്തിയുടെ ആരംഭത്തില്‍ മതില്‍ പൊളിച്ചുമാറ്റാനാണു തീരുമാനം. കലക്ടറേറ്റ് കോംപൗണ്ടിലെ മരങ്ങളെല്ലാം രണ്ടാഴ്ച മുമ്പ് തന്നെ മുറിച്ചുമാറ്റിയിരുന്നു.
കലക്ടറേറ്റ് ഭാഗത്ത് നാലും മറ്റു ഭാഗങ്ങളില്‍ മൂന്നും മീറ്റര്‍ വീതമാണ് റോഡ് വീതികൂട്ടുക. നവീകരണത്തിനാവശ്യമായ ഭൂമി സ്വകാര്യ ഉടമകള്‍ നേരത്തേ വിട്ടുനല്‍കിയിരുന്നു. പി കെ ശ്രീമതി എംപിയുടെ ഫണ്ടില്‍ നിന്നു 74,48,647 രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിനാണു നിര്‍മാണ ചുമതല. കലക്ടറേറ്റ് കോംപൗണ്ട്, താലൂക്ക് ഓഫിസ് കോംപൗണ്ട്, എകെജി സ്‌ക്വയര്‍, കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സ്, വിചിത്ര കോംപ്ലക്‌സ് എന്നിവിടങ്ങളില്‍നിന്ന് വിട്ടുകിട്ടിയ സ്ഥലം ഉപയോഗപ്പെടുത്തി വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് സൗകര്യമാണ് ഏര്‍പ്പെടുത്തുക. വീതി കൂട്ടിയ സ്ഥലത്തേക്ക് ഓവുചാലും നടപ്പാതയും മാറ്റി സ്ഥാപിക്കാനും അധികമായി ലഭിക്കുന്ന സ്ഥലം മെക്കാഡം ടാറിങ് നടത്തുകയും ചെയ്യും. മെക്കാഡം ടാര്‍ ചെയ്ത റോഡ് മാര്‍ക്ക് ചെയ്ത് സീബ്രലൈന്‍ വരക്കും. പുതുതായി നിര്‍മിക്കുന്ന നടപ്പാതയില്‍ ടൈല്‍ പതിച്ച് മനോഹരമാക്കും.
എകെജി സ്‌ക്വയറിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരത്തേ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയിരുന്നു. കലക്ടറേറ്റ് ഭൂമി, കോര്‍പറേഷന്റെ അധീനതയിലുള്ള പെട്രോള്‍ ബങ്കിന്റെ സ്ഥലം എന്നിവയും ഷീന്‍ ബേക്കറിയുടെ സ്ഥല ഉടമയും സമ്മതം അറിയിച്ചതോടെയാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. പഴയ ഓവുചാലുകള്‍ മാറ്റി വീതികൂട്ടി പുതിയ ഓവുചാല്‍ നിര്‍മിച്ചിട്ടുണ്ട്. വൈദ്യുതി ഭവന്‍ മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ പെട്രോള്‍ ബങ്കിന്റെ ഉള്‍ഭാഗത്തു കൂടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഓവുചാലിലേക്കു ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഓവുചാല്‍ നിര്‍മിച്ചിട്ടുള്ളത്. ഇവിടെയുള്ള തെരുവുകച്ചവടക്കാരെയും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക കച്ചവടം ഇപ്പോഴും തുടരുകയാണ്. കാല്‍ടെക്‌സ് ജങ്ഷനിലെ നിലവിലുള്ള ഗാന്ധിസര്‍ക്കിളും ഓട്ടോമാറ്റിക് സിഗ്‌നല്‍ ലൈറ്റും മാറ്റുന്നില്ല. സര്‍ക്കിളിന്റെ നാലുവശത്തെയും റോഡ് വീതി കൂട്ടി സിഗ്‌നലില്‍ അകപ്പെടാതെ ഇടതുഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോവുന്ന രീതിയിലാണ് നടപ്പാക്കുക. തെക്കീ ബസാര്‍ മുതല്‍ കണ്ണോത്തുംചാല്‍ വരെ ദേശീയപാത വീതികൂട്ടല്‍ നടപടികളും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ച് 31നാണ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്. മൂന്നുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാണു തീരുമാനം.
Next Story

RELATED STORIES

Share it