കണ്ണീര്‍ തോരാതെ പാരിസ്

പാരിസ്: ലോകം ഞെട്ടലോടെ കാതോര്‍ത്ത 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഫ്രഞ്ച് പോലിസിന് സൂചന ലഭിച്ചു. 89 പേര്‍ കൊല്ലപ്പെട്ട ബറ്റാക്ലാന്‍ സംഗീതകേന്ദ്രത്തിലെ അവശിഷ്ടങ്ങളില്‍നിന്ന് ലഭിച്ച വിരലടയാളം പാരിസ് സ്വദേശി ഉമര്‍ ഇസ്മാഈല്‍ മുസ്തഫയുടേതാണെന്നു തിരിച്ചറിഞ്ഞു. 29കാരനായ മുസ്തഫയ്ക്ക് സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തേ പോലിസിനു സംശയമുണ്ടായിരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങളിലൊന്നും ഇതുവരെ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നില്ല. മുസ്തഫയുടെ പിതാവും സഹോദരനുമുള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ ചോദ്യംചെയ്തുവരുകയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) വിദേശത്തുവച്ചാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നു കരുതുന്നു. ആക്രമണത്തില്‍ പങ്കാളികളായ എല്ലാവരെയും കുറിച്ച് പോലിസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
അതിര്‍ത്തികളടച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയ പോലിസിന് കിഴക്കന്‍ പാരിസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍നിന്ന് നിരവധി എ കെ 47 തോക്കുകള്‍ ലഭിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് അക്രമികള്‍ ഉപയോഗിച്ച കാറാണിതെന്നു സംശയിക്കുന്നു. കൊല്ലപ്പെട്ട എട്ട് അക്രമികളെയും സഹായികളെയും തിരിച്ചറിയാന്‍ ഫ്രാന്‍സ്, ബെല്‍ജിയം, ഗ്രീസ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി ശ്രമിച്ചുവരുകയാണ്.
പാരിസ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആ രാജ്യത്തെ നിയമമന്ത്രി കോയന്‍ ഗീന്‍സ് പറഞ്ഞു. ബെല്‍ജിയത്തില്‍നിന്ന് വാടകയ്ക്കു നല്‍കിയ ഫോക്‌സ്‌വാഗന്‍ പോളോ കാര്‍ പാരിസില്‍ ആക്രമണം നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു. ബെല്‍ജിയം നമ്പര്‍പ്ലേറ്റുള്ള കാറില്‍ വന്നവരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട അക്രമിയുടെ സമീപം സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയത് സംബന്ധിച്ചും പരിശോധിച്ചുവരുകയാണ്. ഒക്ടോബറില്‍ ലെറോസ് ദ്വീപില്‍ അഭയാര്‍ഥിയായി പേര് രജിസ്റ്റര്‍ ചെയ്തയാളുടേതാണ് പാസ്‌പോര്‍ട്ടെന്ന് ഗ്രീക്ക് പോലിസ് സ്ഥിരീകരിച്ചു. ഈ മാസം അഞ്ചിന് ആയുധങ്ങളുമായി സഞ്ചരിക്കവെ ജര്‍മന്‍ പോലിസ് പിടികൂടിയ വ്യക്തിക്ക് ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആയുധങ്ങളുടെ വന്‍ ശേഖരവുമായി പാരിസില്‍ എങ്ങനെ അക്രമികള്‍ക്ക് എത്താന്‍ സാധിച്ചെന്നാണ് ഫ്രഞ്ച് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്. തദ്ദേശീയരുടെ സഹായമില്ലാതെ ആക്രമണം നടക്കില്ലെന്നും ഇവര്‍ കരുതുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്കെത്തുന്നത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. അഭയാര്‍ഥികളെ യൂറോപ്പിലേക്ക് പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ തീവ്ര വലതുപക്ഷമായ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മരിലി പെന്‍ രംഗത്തെത്തി. ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ രണ്ടാംദിനമായ ഇന്നലെ, ആക്രമണം നടന്ന സ്ഥലങ്ങളില്‍ ആയിരങ്ങള്‍ പ്രാര്‍ഥനയുമായി ഒത്തുചേര്‍ന്നു.
Next Story

RELATED STORIES

Share it