malappuram local

കണ്ണീര്‍ തോരാതെ കാപ്പ്

വെട്ടത്തൂര്‍: വിടരുംമുമ്പേ രണ്ട് കുരുന്നു പൂക്കള്‍ കൂടി കൊഴിഞ്ഞപ്പോള്‍ കാപ്പും പരിസരവും വീണ്ടും കണ്ണീര്‍ തടത്തിലേക്കു താഴ്ന്നു. സുബഹി ബാങ്ക് കേട്ടുണര്‍ന്ന് പ്രപഞ്ചനാഥനോടുള്ള പ്രാര്‍ഥന കഴിഞ്ഞ് നന്മയുടെ ആദ്യാക്ഷരം നുകരാന്‍ വീട്ടില്‍നിന്നിറങ്ങിയ മദ്‌റസാ വിദ്യാര്‍ഥിനികളുടെ മരണവാര്‍ത്ത കേട്ട് ഒരു നാട് തേങ്ങുകയായിരുന്നു.
പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദര്‍ അലിയുടെ മകള്‍ ഫാത്തിമ ഹിസാന(ഒമ്പത്), വെട്ടത്തൂര്‍ ഒടുവംകുണ്ട് പുത്തംകോട്ട് തൊടേക്കാട്ട് യാസറിന്റെ മകള്‍ മുസ്‌നിയ (ആറ്) എന്നിവരാണു ഇന്നലെ ബൈക്കിടിച്ച് മരിച്ചത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കു പോവാന്‍ റോഡിലിറങ്ങിയ ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം ആശുപത്രിയിലേയ്ക്കു കൊണ്ടുപോവാന്‍ വാഹനത്തിലേയ്‌ക്കെടുത്തു കയറ്റിയവര്‍ ഇരുവരും തിരിച്ചുവരും എന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഏവരെയും നടുക്കിക്കൊണ്ട് മരണവാര്‍ത്ത എത്തുന്നത്.
തേലക്കാട് ബസ് അപകടം, കാപ്പ് സ്‌കൂളിലെ അധ്യാപകന്റെ അപകട മരണം എന്നിവയ്ക്കു ശേഷം നാടിനെ നടുക്കിയ വാര്‍ത്തയായിരുന്നു ഇത്. ഉമ്മയുടെ വീട്ടില്‍നിന്നായിരുന്നു ഹിസാന പഠിച്ചിരുന്നത്.
വെട്ടത്തൂര്‍ ഒടുവംകുണ്ട് പുത്തംകോട്ട് തൊടേക്കാട്ട് യാസറിന്റെ മകളാണ് മുസ്‌നിയ. കാപ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. ഹിസാന നാലാംക്ലാസിലും മുസ്‌നിയ ഒന്നാംക്ലാസിലുമാണ് പഠിക്കുന്നത്.
Next Story

RELATED STORIES

Share it