Kottayam Local

കണ്ണീരോടെ നന്ദി പറഞ്ഞ് തുടിക്കുന്ന ഹൃദയവുമായി ബഷീര്‍ ആശുപത്രി വിട്ടു

ആര്‍പ്പുക്കര: ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീറും കുടുംബവും ഡോക്ടര്‍മാരോടും ജീവനക്കാരോടും കണ്ണീരോടെ നന്ദി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഹൃദയശസ്ത്രക്രിയ വിഭാഗത്തില്‍ കഴിഞ്ഞ മാസം 26ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ എറണാകുളം എടവനക്കാട് സ്വദേശി ബഷീര്‍ (45) ഇന്നലെയാണ് ആശുപത്രി വിട്ടത്.
അവയവദാനത്തിലൂടെ ലഭിച്ച ആലുവ സ്വദേശിയുടെ ഹൃദയവുമായി ബഷീര്‍ ഇന്നലെ ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും വലിയ സന്തോഷത്തിലായിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയമായ രോഗി പൂര്‍ണ ആരോഗ്യവനായി തിരികെ പോവുന്നത്. ബഷീര്‍ സുഖം പ്രാപിച്ചെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക്ക് മേധാവി ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു.
ആറുമാസം മുമ്പാണ് ബഷീര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. കഴിഞ്ഞ 26ന് ബഷീറിനെ ശസത്രക്രിയയ്ക്കു വിധേയനാക്കി പിന്നീട് തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. തിരികെ പോകാന്‍ സ്വന്തമായി വീടില്ലെന്നത് ബഷീറിനെയും കുടുംബത്തെയും അലട്ടിയിരുന്നു. 20 വര്‍ഷത്തെ ചികില്‍സയ്ക്കിടെ ബഷീറിനു പലതും നഷ്ടപ്പെട്ടിരുന്നു. നിലവില്‍ എറണാകുളത്തു താമസിക്കുന്ന മൂത്തമകന്‍ ഷബീറിനും ഭാര്യയ്ക്കും ഒപ്പമാണ് ബഷീറും ഭാര്യയും ഇളയമകനും താമസിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയില്‍ തുടരുന്ന ഒരാള്‍ക്ക് താമസിക്കാന്‍ പറ്റാത്ത വീടാണിത്. ഇവിടേക്കു ബഷീര്‍ പോയാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കാര്‍ഡിയോ തൊറാസിക്ക് വിഭാഗം മേധാവി ഡോ. ടി കെ ജയകുമാര്‍ തന്നെ കുട്ടികളുടെ ആശുപത്രി സമീപം മൂന്നു മാസത്തേക്ക് വീട് വാടകയ്‌ക്കെടുത്തു നല്‍കി. ഇവിടേക്കാണ് ബഷീറും ഭാര്യ ഷബീനയും ഇളയ മകന്‍ ഷജാദും പോയത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ബഷീറിന്റേത്. ആറുമാസം മുമ്പ് പത്തനംതിട്ട സ്വദേശി പൊടിയനു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം പൊടിയന്‍ കിഡ്‌നിക്കും കരളിനും അണുബാധയുണ്ടായി മരിച്ചു. കാര്‍ഡിയോ തൊറാസിക്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോര്‍ജ്, ഡോ. വി എല്‍ ജയപ്രകാശ്, സര്‍ജറി വിഭാഗത്തിലെ ഡോ. രജ്ഞന്‍ എന്നിവരും മറ്റു ഡോക്ടര്‍മാരും പെര്‍ഫ്യൂഷനിസ്റ്റ് രാജേഷും തൊറാസിക്കിലെ ജീവനക്കാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it