കണ്ണിന് അപൂര്‍വരോഗം; കുനിയരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി എന്‍ ശക്തന്‍

തിരുവനന്തപുരം: ഡ്രൈവറെക്കൊണ്ടു ചെരിപ്പഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്‍. തന്റെ കണ്ണിന് അപൂര്‍വവും ഗുരുതരവുമായ രോഗമുള്ളതിനാല്‍ കുനിയരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് ഡ്രൈവറുടെ സഹായം തേടിയതെന്നു സ്പീക്കര്‍ പറഞ്ഞു. നിയമസഭയിലെ നെല്‍കൃഷി വിളവെടുപ്പിനിടെ ഡ്രൈവറെക്കൊണ്ടു ചെരിപ്പഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വിവാദമായതിനെത്തുടര്‍ന്നാണു സ്പീക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചു നിലപാട് വിശദീകരിച്ചത്. ചെരിപ്പഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടതല്ല. ലക്ഷത്തിലൊരാള്‍ക്കു വരാവുന്ന രോഗമാണിത്. കണ്ണിലെ ഞരമ്പുപൊട്ടി രക്തം വരുന്നതായിരുന്നു തുടക്കം. ഓരോ കണ്ണിലും പത്തിലധികം തവണ ലേസര്‍ ചികില്‍സയും നിരവധി ശസ്ത്രക്രിയകളും നടത്തി. ഒരു കാരണവശാലും കുനിയരുത്, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തരുത്, കണ്ണില്‍ അധികം ചൂടടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണു ഡോക്ടര്‍മാര്‍ നല്‍കിയത്.

ചികില്‍സയില്‍ കഴിയുമ്പോള്‍ കരുണാകരനൊപ്പം തന്നെ കാണാനെത്തിയ എന്‍ പീതാംബരക്കുറുപ്പിനും ചെറിയാന്‍ ഫിലിപ്പിനും രോഗത്തെക്കുറിച്ചു വ്യക്തമായറിയാമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഈ നിസ്സാരസംഭവം മാധ്യമങ്ങള്‍ പൊതുജനമധ്യത്തില്‍ വലിയൊരു വിഷയമാക്കിയത് ഖേദകരമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്വന്തം ചെരിപ്പഴിച്ചു മാറ്റാന്‍ ശാരീരികമായ ബുദ്ധിമുട്ടുള്ളവര്‍ മറ്റുള്ളവരുടെ സഹായം തേടുന്നത് തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്ര രോഗാവസ്ഥയുള്ളപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നു മറുപടി നല്‍കി.

ഇപ്പോള്‍ കണ്ണിനു കുഴപ്പമില്ലെന്നും കണ്ണാടിയില്ലാതെ വായിക്കാന്‍ പറ്റുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. വെയിലത്തു വയലില്‍ ഇറങ്ങി കൊയ്തതും കറ്റമെതിച്ചതും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതികരിക്കാതെ സ്പീക്കര്‍ ഒഴിഞ്ഞുമാറി. അതേസമയം, ചെരിപ്പിന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ തന്നെ തടയാന്‍ ശ്രമിക്കുകയാണു ചെയ്തതെന്നു ഡ്രൈവര്‍ ബിജു പ്രതികരിച്ചു. ചെരിപ്പിന്റെ കെട്ടഴിക്കുന്നതിനായി സ്പീക്കര്‍ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ ചെറുതായി സഹായിക്കുക മാത്രമാണു ചെയ്തത്. അല്ലാതെ തന്നോട് അതു ചെയ്യാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. താന്‍ ചെയ്ത ചെറിയൊരു കാര്യം വിവാദമായി മാറിയതിലും അതിനു താന്‍ കാരണക്കാരനായി മാറിയതിലും ദുഃഖമുണ്ടെന്നും ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it