കണ്ടെയ്‌നര്‍ തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചു; വല്ലാര്‍പാടം തുറമുഖത്തെ ചരക്കു നീക്കം സ്തംഭിച്ചു

കൊച്ചി: കണ്ടെയ്‌നര്‍ ലോറികളിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും ഫെയര്‍ വേജസ് നടപ്പാക്കണമെന്നും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വല്ലാര്‍പാടം തുറമുഖത്തെ ട്രക്ക് തൊഴിലാളികള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. 1500 ലോറികളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. പത്ത് ട്രേഡ് യൂനിയനുകളടങ്ങുന്ന ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് ആരംഭിച്ചതോടെ വല്ലാര്‍പാടം വഴിയുള്ള ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണ്.
മൂന്നുവര്‍ഷം മുമ്പ് തൊഴില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആറു മാസത്തിനകം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് യാര്‍ഡ് നിര്‍മിച്ചു നല്‍കുമെന്ന് തുറമുഖ അധികൃതര്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഈ ഉറപ്പ് പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നതായി തൊഴിലാളികള്‍ ആരോപിച്ചു.
വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച വേതന നിരക്ക് നടപ്പാക്കുന്നതിന് ട്രക്കുടമാ സംഘടനകളും വിസമ്മതിക്കുകയാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ മുരളീധരന്‍ നായര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്കിന് നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് ആഷിഖ്, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു. പിടിവാശി ഉപേക്ഷിച്ച് പോര്‍ട്ട് അധികൃതരും ഡിപി വേള്‍ഡും ട്രക്കുടമകളും ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ പോര്‍ട്ടിനെ പ്രതിനിധീകരിച്ച് ഡോ. സി ഉണ്ണികൃഷ്ണന്‍, സ്റ്റീമര്‍ ഏജന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രകാശ് അയ്യര്‍, രാജീവ് രാമചന്ദ്രന്‍ എന്നിവരും ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പി എസ് ആഷിക്(ചെയര്‍മാന്‍), ചാള്‍സ് ജോര്‍ജ്(ജനറല്‍ കണ്‍വീനര്‍), വി എച്ച് ഷിഹാബുദ്ദീന്‍(സിടിടിയു), ജോസഫ് സേവ്യര്‍, നൗഫര്‍(സി ഐടിയു), എം ജമാല്‍കുഞ്ഞ്(ഐഎന്‍ടിയുസി), ധനീഷ് നീറിക്കോട്(ബിഎംഎസ്), അഡ്വ. സാം ഐസക്(ബികെഎസ്), സി കെ പരമേശ്വരന്‍(ടിയുസി ഐ), വി യു ഹംസക്കോയ(സിപിഎസ്എ), ഉടമ സംഘടനാ ഭാരവാഹികളായ ടി കെ സജീവ്, ടോമി തോമസ്, ജോര്‍ജ് റോഷന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it