kannur local

കണ്ടല്‍വന സംരക്ഷണത്തിന് മിഷന്‍ മാന്‍ഗ്രൂവ്‌സ് പദ്ധതി

കണ്ണൂര്‍: ജില്ലയിലെ കണ്ടല്‍വനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന മിഷന്‍ മാന്‍ഗ്രൂവ്‌സ് പദ്ധതിയുടെ ഉദ്ഘാടനം 24നു തളിപ്പറമ്പ് വെള്ളിക്കീലില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലയിലെ 1873.85 ഏക്കര്‍ വരുന്ന കണ്ടല്‍ക്കാടുകളുടെ വിശദമായ സര്‍വേ റിപോര്‍ട്ടും പദ്ധതിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് കണ്ടല്‍ക്കാടുകള്‍ സംബന്ധിച്ച് ഇത്രയും വിശദമായ സര്‍വേ നടക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹിയറിങ് പൂര്‍ത്തിയാക്കിയ നൂറേക്കറോളം വരുന്ന കണ്ടല്‍വനം സംരക്ഷിത വനമായി പ്രഖ്യാപിച്ച് സ്ഥിരമായ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ശേഷിക്കുന്ന 1773 ഏക്കറോളം കണ്ടല്‍ക്കാടുകളില്‍ 1200 ഏക്കറോളവും സ്വകാര്യ ഭൂമികളിലാണ്. ഉടമസ്ഥരുടെ സമ്മതത്തോടെ മതിയായ വില നല്‍കി ഇവ ഏറ്റെടുത്ത് സംരക്ഷിക്കാനാണു ലക്ഷ്യമിടുന്നത്. 15 സ്ഥലമുടമകളുമായി ചര്‍ച്ച തുടങ്ങി.
ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഇത്തരം സ്ഥലങ്ങള്‍ പദ്ധതിയിലേക്ക് സ്വമേധയാ സംഭാവനയായി നല്‍കുകയാണെങ്കില്‍ ആ കണ്ടല്‍വനത്തിന് അവരുടെ പേര് നല്‍കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. വനംവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കണ്ട ല്‍ക്കാടുകളുടെ വിശദമായ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2003 മുതലാണു തുടങ്ങിയത്. പുഴയും ചതുപ്പുനിലങ്ങളും കൂടിക്കലര്‍ന്ന കണ്ടല്‍പ്രദേശങ്ങളുടെ പ്രത്യേക ഭൂപ്രകൃതി മൂലം സര്‍വേ നടത്താന്‍ ഏറെ വിഷമകരമായിരുന്നു.
രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ മൂന്നു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
കേരളത്തിലെ ആകെ കണ്ടല്‍വനങ്ങളില്‍ 75 ശതമാനത്തോളവും കണ്ണൂരിലായതിനാലാണ് പദ്ധതിക്കായി ജില്ലയെ തിരഞ്ഞെടുത്തത്. 1873 ഏക്കര്‍ സ്ഥലത്തിന്റെ മഹസര്‍ അടക്കമുള്ള 2000ത്തോളം പേജ് വരുന്ന സര്‍വേ റിപോര്‍ട്ടാണ് മന്ത്രി പ്രകാശനം ചെയ്യുക. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാവും. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അള്ളാംകുളം മഹ്മൂദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജയപ്രസാദ്, സബ് കലക്ടര്‍ നവജ്യോത് ഖോസ, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it