thrissur local

കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ഭൂമി നികത്തുന്നു

ചാവക്കാട്: തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം കായലിനടുത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് ഭൂമി നികത്തുന്നു. സ്വകാര്യ വ്യക്തിയുടേയും അല്ലാത്തതുമായ ഏക്കര്‍ കണക്കിന് സ്ഥലത്തെ കണ്ടല്‍ക്കാടാണ് വെട്ടി നശിപ്പിച്ചത്. ചുള്ളിക്കണ്ടല്‍, ഉപ്പൂറ്റി കണ്ടല്‍, കാല്‍നീണ്ടി കണ്ടല്‍, പാല്‍ കണ്ടല്‍ തുടങ്ങിയ തരം കണ്ടലുകളാണ് വെട്ടി നശിപ്പിക്കുന്നത്.
കണ്ടലുകള്‍ വെട്ടി നശിപ്പിക്കാന്‍ സ്ഥലമുടമ മറ്റൊരാള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണെന്നാണ് വിവരം. അഞ്ചോളം തൊഴിലാളികള്‍ രാവും പകലുമായാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റുന്നത്. റവന്യൂ അധികൃതരുടെ ഒത്താശയോടെ പ്രദേശത്ത് ഈ വ്യക്തി ഇതിനു മുമ്പും ഇത്തരത്തില്‍ കണ്ടലുകള്‍ വെട്ടി നശിപ്പിച്ച ശേഷം ഭൂമി നികത്തല്‍ നടത്തിയിരുന്നു. കൂടാതെ കണ്ടലുകള്‍ വെട്ടിയ ശേഷം പ്രദേശത്തെ തോടുകളും മറ്റും ചരലിട്ട് നികത്തിയ നിലയിലാണ്. സംരക്ഷിത സസ്യസമൂഹമായ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായിട്ടും ഇതിനെതിരേ നടപടിഎടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ് കണ്ടല്‍ക്കാടുകള്‍.
പ്രദേശത്ത് കാണുന്ന കരിമീന്‍, പച്ചഞണ്ട്, വെള്ളചെമ്മീന്‍ എന്നിവയുടെ സംരക്ഷണ കേന്ദ്രം കൂടിയാണിത്. അപൂര്‍വ്വ ഇനം വെള്ളിമാറന്‍ കുളക്കോഴികളും ഇവിടെയുള്ള കണ്ടല്‍ക്കാടുകളില്‍ ധാരാളമുണ്ട്. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുകയും നിലം നികത്തുതകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വനം-റവന്യൂ അധികൃതരുടെ ജാഗൃതയില്ലായ്മയാണ് ഇത്തരത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി ഭുമി നികത്തുന്നതിന് കാരണമെന്ന ആരേപണം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it