thrissur local

കണ്ടല്‍കാടുകള്‍ നികത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന്

ചാവക്കാട്: തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം കായലിനടുത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് നിയുക്ത മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
അതേ സമയം കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് ഭൂമി നികത്തുന്നവര്‍ക്കെതിരേ ഭൂസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ വി രതീശന്‍ പറഞ്ഞു. കണ്ടല്‍ക്കാടുകള്‍ വെട്ടി ഭൂമി നികത്തുന്നത് സംബന്ധിച്ച് ചാവക്കാട് തഹസില്‍ദാറോട് സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും.
കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നത് സംബന്ധിച്ച് വനം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പിന് ശേഷം റവന്യൂ ഉദ്യോഗസ്ഥരില്‍ പലരും അവധിയിലായതിനാല്‍ ഈ തക്കം നോക്കിയാണ് ഭൂമി നികത്തല്‍ നടത്തുന്നതെന്നും കലക്ടര്‍ പറഞ്ഞു. തെക്കന്‍പാലയൂരില്‍ വെട്ടി നശിപ്പിക്കപ്പെട്ട കണ്ടല്‍ക്കാടുകള്‍ അപൂര്‍വ ഇനത്തില്‍പ്പെട്ടതാണെന്ന് ഗ്രീന്‍ഹാബിറ്റാറ്റ് ഡയറക്ടര്‍ എന്‍ ജെ ജെയിംസ് പറഞ്ഞു. പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം നടപടിക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍പാലയൂരില്‍ കണ്ട ല്‍ക്കാടുകള്‍ വെട്ടി നശിപ്പിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് പരിസ്ഥിതി സംരക്ഷണ വേദി പ്രസിഡന്റ് കെ എം ഷിഹാബ് ആവശ്യപ്പെട്ടു. അതേ സമയം തെക്കന്‍ പാലയൂരില്‍ വെട്ടി നശിപ്പിക്കുന്നത് കണ്ടല്‍ക്കാടല്ലെന്ന് മുന്‍ കൗണ്‍സിലര്‍ നൗഷാദ് തെക്കുംപുറം പറഞ്ഞു.
തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം കായലിനടുത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയ ശേഷം ഭൂമി നികത്തുന്നുവെന്ന വാര്‍ത്ത ഇന്നലെ തേജസ് പ്രസിദ്ദീകരിച്ചിരുന്നു. പ്രദേശത്തെ ചുള്ളിക്കണ്ടല്‍, ഉപ്പൂറ്റി കണ്ടല്‍, കാല്‍നീണ്ടി കണ്ടല്‍, പാല്‍ കണ്ടല്‍ തുടങ്ങിയ തരം കണ്ടലുകളാണ് വന്‍ തോതില്‍ വെട്ടി നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Next Story

RELATED STORIES

Share it