malappuram local

കണ്ടനകത്തെ ബിവറേജ് മദ്യശാല ഹൈടെക് പദവിയിലേക്ക്

എടപ്പാള്‍: സംസ്ഥാനപാതയോരത്ത് എടപ്പാളിനടുത്ത് കണ്ടനകത്ത് പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് മദ്യശാല ഹൈടെക് മദ്യശാലയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഒന്നരമാസം മുമ്പ് ഈ മദ്യശാല ഹൈടെക്കാക്കി ഉയര്‍ത്തുന്നതിനായി നിലവിലെ കെട്ടിടത്തിനുമുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
അതിനെതിരേ കക്ഷി രാഷ്ട്രീയ ഭേദം മറന്നുള്ള ജനകീയ പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയ്യാറായതോടെ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ വീണ്ടും മദ്യശാലയുടെ പദവി ഉയര്‍ത്തുന്നതിനുള്ള നീക്കമാണിപ്പോള്‍ തകൃതിയായി നടക്കുന്നത്. നിലവിലെ മദ്യശാലയ്ക്കു മുകളില്‍ സൗകര്യമൊരുക്കി ഉയര്‍ന്ന വിലയ്ക്കുള്ള മദ്യം ഇവിടെ നിന്നു വില്‍ക്കാനാണു പരിപാടി.
വില കുറഞ്ഞ മദ്യത്തിനായി കെട്ടിടത്തിന്റെ താഴത്തെ നിലയിലും വിലകൂടിയ മദ്യം വില്‍ക്കുന്നതിന് കെട്ടിടത്തിന്റെ ഒന്നാംനിലയിലും സൗകര്യമൊരുക്കുകയാണു ചെയ്യുന്നത്. മുമ്പ് ഈ നീക്കം നടക്കുമ്പോള്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും ജനപക്ഷം കണ്ടനകം പോലുള്ള ജനകീയ സമിതികളും അന്നത്തെ സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും പരാതി നല്‍കുകയും അതേത്തുടര്‍ന്ന് പുതിയ മദ്യശാല നിര്‍മിക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നതാണ്.
ദേശീയ-സംസ്ഥാന പാതയോരത്തുള്ള മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഈ മദ്യഷാപ്പ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിലവിലെ മദ്യഷാപ്പ് തന്നെ നിര്‍ത്തലാക്കി പ്രദേശവാസികളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പദവി ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നത്.
മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് മദ്യശാലയുടെ പദവി ഉയര്‍ത്താനുള്ള ബീവറേജസ് കോര്‍പറേഷന്റേയും ഭരണകൂടത്തിന്റേയും നടപടികള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണു നാട്ടുകാര്‍.
Next Story

RELATED STORIES

Share it