കണിച്ചുകുളങ്ങരയിലെ രോദനങ്ങള്‍

ഒ ഇംതിഹാന്‍ അബ്ദുല്ല

നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിക്കും തിരക്കുമാണല്ലോ. വേനല്‍ച്ചൂടാവട്ടെ കിടന്നു തിളയ്ക്കുകയും. അധികൃതര്‍ സൂര്യാഘാതത്തെക്കുറിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെ നാല് വോട്ട് പെട്ടിയിലാക്കാനുള്ള തിരക്കിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും. വന്ന നേതാക്കള്‍ക്കു കനം പോരാ, മുന്തിയ നേതാക്കള്‍ തന്നെ വരണമെന്നാണ് വോട്ടുബാങ്കറുടെ ഉള്ളിലിരിപ്പെന്നു തോന്നിയാല്‍ വോട്ടിന്റെ കനത്തിനനുസരിച്ചു കേന്ദ്രനേതാക്കള്‍ തന്നെ പറന്നെത്തും. വ്യക്തിപരമോ സാമുദായികമോ ആയ ഏതു ഡിമാന്റും അംഗീകരിക്കാമെന്ന ഉറപ്പും നല്‍കും. ബന്ധപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സ്‌കൂളും കോളജും മുതല്‍ കേന്ദ്രമന്ത്രിസ്ഥാനം വരെ റെഡി.
പക്ഷേ, ഇപ്പറഞ്ഞ യാതൊരു തിക്കും തിരക്കുമില്ലാത്ത ഒരു വോട്ടുബാങ്കര്‍ സംസ്ഥാനത്തുണ്ട്. കണിച്ചുകുളങ്ങര വാഴും നടേശനാശാനാണ് കക്ഷി. കള്ളുകച്ചവടക്കാരനാണെന്ന പേരുദോഷമുണ്ടെങ്കിലും ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ മുഖ്യ കാര്യദര്‍ശിയാണു കക്ഷി. ജനസംഖ്യാനുപാതം നോക്കിയാല്‍ കേരളത്തിലെ ഏറ്റവും പ്രബല സമുദായത്തിന്റെ തോല്‍പിക്കാനാവാത്ത നേതാവ്. വെള്ളാപ്പള്ളിയുടെ തിരുവായക്ക് യോഗത്തില്‍ എതിര്‍വായില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ആസന്നമായാല്‍ കണിച്ചുകുളങ്ങര തറവാട്ടില്‍ നേതാക്കള്‍ കിടന്നു നിരങ്ങാറായിരുന്നു പതിവ്. സ്വന്തം പാര്‍ട്ടിയോട്, തന്നെ സ്ഥാനാര്‍ഥിയാക്കാന്‍വേണ്ടി ശുപാര്‍ശ ചെയ്യിക്കാനും അനഭിമതനായവന് സീറ്റ് ലഭിക്കാതിരിക്കാന്‍ പാരപണിയിക്കാനും വരുന്ന ഛോട്ടാ നേതാക്കള്‍ മുതല്‍ സംസ്ഥാനത്തെ മൊത്തത്തിലുള്ള പിന്തുണ ലഭ്യമാക്കാന്‍ വരുന്ന കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വരെ. പത്രങ്ങളിലും ചാനലുകളിലും അഭിമുഖവും കുടുംബസമേതമുള്ള സചിത്ര ഫീച്ചറുകളും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ഇതായിരുന്നു സ്ഥിതി. ഫലപ്രഖ്യാപനം വന്നാല്‍ ആരു തോറ്റാലും ജയിച്ചാലും അതു ഞമ്മന്റെ വകയാക്കി ആശാന്‍ പ്രസ്താവന ഇറക്കുകയും ചെയ്യും.
എല്ലാം കീഴ്‌മേല്‍ മറിഞ്ഞതു പെട്ടെന്നായിരുന്നു. കുറേക്കാലം റഫറിയുടെ റോളില്‍ കളിച്ചുമടുത്തപ്പോള്‍ കളി കളത്തിലിറങ്ങിയാക്കിയാലോ എന്നായി ചിന്ത. അതിനായി ഗോകര്‍ണം മുതല്‍ പാറശ്ശാല വരെ സമത്വമുന്നേറ്റ യാത്ര നടത്തി. കേരളത്തിലുടനീളം പ്രസംഗിച്ചു തന്റെ മാന്‍ഹോള്‍ തുറന്നിട്ട് പരിസരമലിനീകരണം സൃഷ്ടിച്ചുകൊണ്ടാണെങ്കിലും ഒരു പാര്‍ട്ടി രൂപീകരിച്ചു. അസൂയാലുക്കള്‍ പറയുന്നതുപോലെ വയസ്സാംകാലത്ത് കൊടിവച്ച കാറില്‍ പോലിസ് അകമ്പടിയോടെ പോവാനുള്ള മോഹംകൊണ്ടോ തന്നോളം വളര്‍ന്ന മകനെ ഒരിടത്ത് ഇരുത്താനുള്ള പൂതികൊണ്ടോ അല്ല, ന്യൂന(പക്ഷ)മര്‍ദ്ദം കൊണ്ട് വലയുന്ന കേരളത്തെ ഓര്‍ത്ത് ചെയ്തുപോയതാണ്. പണ്ടൊരിക്കല്‍ പയറ്റി തൂറ്റിപ്പോയ നമ്പൂതിരി മുതല്‍ നായാടി വരെ മുദ്രാവാക്യം പുതിയ കുപ്പിയിലാക്കി ഇറക്കിയതാണ്. സുകുമാരന്‍ നായരെയും എന്‍എസ്എസിനെയും കിട്ടാത്തതുകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നു മാത്രം. കിട്ടിയ അക്കീരമണ്‍ ഭട്ടതിരിപ്പാടിനെയാവട്ടെ യോഗക്ഷേമസഭ പ്രസിഡന്റ്സ്ഥാനത്തുനിന്നു നീക്കംചെയ്യുകയും ചെയ്തു.
രൂപീകരണവേളയില്‍ കൊടിപിടിക്കാനും പന്തലിടാനും ചില പരിവാരസുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ടെന്നതു നേരാണ്. പറയാനൊരു പത്രാസിന് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ അംഗവുമായിട്ടുണ്ട്. പക്ഷേ, മനസ്സിലാവാത്ത കാര്യമതല്ല. പാര്‍ട്ടി രൂപീകരണശേഷവും നടേശന്‍ജി ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ് തങ്ങള്‍ക്ക് ആരോടും അയിത്തമില്ല, ആരുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന്. പക്ഷേ. ഭരണത്തുടര്‍ച്ചയ്ക്ക് യുഡിഎഫും എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പൊരുതുമ്പോഴും കണിച്ചുകുളങ്ങരയിലേക്ക് ഒരു കുട്ടി തിരിഞ്ഞുനോക്കുന്നില്ല. കണിച്ചുകുളങ്ങര ജങ്ഷനിലെ മുറുക്കാന്‍കടവരെ പൂട്ടിപ്പോവേണ്ട അവസ്ഥ. നാലുപേര്‍ തികച്ച് കൂടെയില്ലാത്ത ഗൗരിയമ്മയുടെ വീട്ടില്‍പ്പോലും ബേബി മുതല്‍ കോടിയേരി വരെ കയറിനിരങ്ങുമ്പോഴാണ് ഇതെന്നോര്‍ക്കണം. പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും പഴയ താല്‍പര്യമില്ല. വെള്ളാപ്പള്ളിക്ക് റേറ്റിങ് കുറവാണത്രെ.
ഇടതും വലതും ഒറ്റപ്പെടുത്തി അവഗണിക്കുക മാത്രമല്ല ചെയ്തത്. പണ്ടെങ്ങാനും സമാധി കൂടിയ സ്വാമി ശാശ്വതീകാനന്ദയുടെ മരണ കാരണം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. സിബിഐ അന്വേഷിക്കണമെന്നാണ് ചിലര്‍ പറയുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അല്‍പമെങ്കിലും കാരുണ്യം കാണിക്കുന്നത്. സ്വസമുദായ നേതാക്കളായ വി എം സുധീരനും വി എസ് അച്യുതാനന്ദനുമാണ് പാരപണിയുന്നതില്‍ മുന്‍പന്തിയില്‍. അച്യുതാനന്ദന്‍ വെള്ളാപ്പള്ളി എന്നു കേള്‍ക്കുമ്പോഴേക്കും മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നിയമനകോഴ എന്നിങ്ങനെ നീട്ടിക്കുറുക്കി പറയുന്നതിനാല്‍ നേരെചൊവ്വേ യോഗത്തിന്റെ സമ്മേളനംപോലും പലേടങ്ങളിലും ചേരാനാവാത്ത അവസ്ഥയിലാണ്. വി എം സുധീരനാവട്ടെ മദ്യവ്യവസായത്തിന്റെ അടപ്പൂരാനുള്ള അശ്രാന്ത പരിശ്രമത്തിലുമാണ്. ശ്രീനാരയണീയരെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വെള്ളാപ്പള്ളി എന്നാണ് പിണറായിയുടെ വിമര്‍ശനം. അതിനിടയില്‍ ഏതോ ഒരു രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായ സംഘപരിവാരവുമായി ഈഴവ പാര്‍ട്ടിയായ ബിഡിജെഎസ് ബന്ധം വിച്ഛേദിക്കണമെന്നു പറഞ്ഞ് എസ്എഫ്‌ഐ പിള്ളേരുമിറങ്ങിയിരിക്കുന്നു. മുങ്ങിത്താഴുന്നവനു കിട്ടുന്നത് മരത്തടിയായാലും രാജവെമ്പാലയായാലും കച്ചിത്തുരുമ്പ് എന്നറിയാത്തവര്‍.
സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്ന തുഷാര്‍ മോന്റെ ശാഠ്യമാണ് എല്ലാം കുഴപ്പത്തിലാക്കിയത്. മുജ്ജന്മ ശത്രുക്കള്‍ മക്കളായി പിറക്കുമെന്നു കാരണവന്‍മാര്‍ പറയുന്നത് വെറുതെയല്ല. കൂടെ കൂട്ടിയ കാവിപ്പാര്‍ട്ടിയിലാണെങ്കില്‍ മൂപ്പിളമപ്പോരും തൊഴുത്തില്‍ക്കുത്തും ഒഴിഞ്ഞ നേരമില്ല. കാവിപ്പാര്‍ട്ടിയുടെ സംസ്ഥാന മുന്നണിയുടെ സാധ്യതാപട്ടിക ദിവസം കഴിയുന്തോറും ശോഷിച്ചുശോഷിച്ചു വരുകയാണ്. അക്കൗണ്ട് തുറക്കാനല്ല ആരു ഭരിക്കണമെന്നു തീരുമാനിക്കാനാണു മല്‍സരിക്കുന്നതെന്നു പറഞ്ഞവരുടെ വിജയപ്രതീക്ഷ എണ്ണാനിപ്പോള്‍ ഒരു കൈവിരലുപോലും മുഴുവന്‍ വേണ്ടാത്ത അവസ്ഥ. തിരഞ്ഞെടുപ്പാനന്തരം സംഭവിക്കാനിരിക്കുന്ന പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം എവിടെയായിരിക്കുമെന്നതിനെക്കുറിച്ചേ മാധ്യമ-രാഷ്ട്രീയ വിശാരദന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുള്ളൂ. ഇടതന്റെയും വലതന്റെയും കണ്ണിലെ കരടായി മാറ്റാനിടയാക്കിയ സ്വന്തം പാര്‍ട്ടിക്കാവട്ടെ നേരാംവണ്ണം ഒരു ചിഹ്നംപോലും അനുവദിച്ചു കിട്ടിയതുമില്ല. ആകെക്കൂടിയുണ്ടായിരുന്ന പ്രതീക്ഷ രാജ്യസഭാ സീറ്റിലായിരുന്നു. അതാവട്ടെ സുരേഷ് ഗോപി തട്ടിയെടുത്തു. സുരേഷ് ഗോപി ബിജെപി ചെലവില്‍ പ്രചാരണം നടത്തിയത് ഹെലികോപ്റ്ററില്‍; തുഷാര്‍ ബിജെപിക്കു വേണ്ടി സ്വന്തം ചെലവില്‍ പ്രചാരണം നടത്തിയതും ഹെലികോപ്റ്ററില്‍. എന്നിട്ടോ, സുരേഷ്‌ഗോപി എംപി, തുഷാര്‍ ഗോപി.
ഇനി ഇടതുപക്ഷത്തെപ്പോലെ ഹിന്ദുത്വപാര്‍ട്ടിയിലും ഈഴവനെ കൊടിപിടിക്കാനും ജാഥനയിക്കാനും മാത്രം മതിയെന്നാണോ? അല്ലെങ്കിലും രാജ്യഭരണകാലം മുതല്‍ നായന്‍മാര്‍ക്ക് അധികാരസ്ഥാനങ്ങളോട് ഒട്ടിനില്‍ക്കാനുള്ള മെയ്‌വഴക്കം അസാരം കൂടുതലാണല്ലോ. ചായക്കച്ചവടക്കാരന്റെ മകനെങ്കിലും ഈഴവനെ പരിഗണിക്കുമെന്നു കരുതിയതും വെറുതെ. ഹിന്ദുത്വര്‍ക്ക് പണ്ടേ മേല്‍ജാതിയോടാണല്ലോ താല്‍പര്യം. അവസാന കൈക്ക് പഴയ പിന്നാക്ക-ദലിത്-ന്യൂനപക്ഷ ഐക്യം പൊടിതട്ടിയെടുക്കേണ്ടിവരുമോ?
Next Story

RELATED STORIES

Share it