കണക്കു തീര്‍ക്കാന്‍ ബയേണ്‍

ബെര്‍ലിന്‍/ മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് എഫ് മല്‍സരത്തില്‍ പ്രതികാരമോഹവുമായി ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ഇന്ന് ആഴ്‌സനലിനെതിരേ. കഴിഞ്ഞ മാസം 20ന് ലണ്ടനില്‍ നടന്ന കളിയില്‍ ആഴ്‌സനലിനോട് 0-2ന്റെ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ ബയേണ്‍ ഇന്ന് അതിനു കണക്കുതീര്‍ക്കാനൊരുങ്ങുകയാണ്. ഇന്നത്തെ മല്‍സരം ഹോംഗ്രൗണ്ടിലാണെന്നതും ബയേണിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒളിംപിയാക്കോസ് ഡയനാമോ സെഗ്രബിനെ എതിരിടും.
മറ്റു മല്‍സരങ്ങളി ല്‍ ഗ്രൂപ്പ് ഇയില്‍ ബാഴ്‌സലോണ ബെയ്റ്റ് ബോറിസോവുമായും എഎസ് റോമ ബയേര്‍ ലെവര്‍ക്യുസനുമായും ഗ്രൂപ്പ് ജിയില്‍ ചെല്‍സി ഡയനാമോ കീവുമായും എഫ്‌സി പോര്‍ട്ടോ മക്കാബി ടെല്‍ അവീവുമായും ഗ്രൂപ്പ് എച്ചില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലിയോണുമായും വലന്‍സിയ ഗെന്റുമായും ഏറ്റുമുട്ടും.
ടൂര്‍ണമെന്റില്‍ നിന്നു പുറത്താവലിന്റെ വക്കിലായിരുന്ന ആഴ്‌സനല്‍ ബയേണിനെതിരായ കഴിഞ്ഞ ജയത്തോടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തുകയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഗണ്ണേഴ്‌സിന്റെ ആദ്യ ജയമായിരുന്നു ബയേണിനെതിരേയുള്ളത്. മികച്ച ഫോമില്‍ കളിക്കുന്ന ബയേണിനെതിരേ ആഴ്‌സനലിന് ആരും വിജയസാധ്യ കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആക്രമിച്ചുകളിച്ച ആഴ്‌സനല്‍ ബയേണിന്റെ കഥകഴിക്കുകയായിരു ന്നു.കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ബയേണും ഒളിംപിയാക്കോസുമാണ് ഗ്രൂപ്പ് എഫില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. മൂന്നു പോയിന്റുള്ള ആഴ്‌സനല്‍ മൂന്നാംസ്ഥാനത്താണ്. ഇന്ന് ബയേണിനെ തോല്‍പ്പിച്ചാല്‍ ആഴ്‌സനലിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാവും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന ബയേണിന്റെ ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇന്ന് ഇത് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണില്‍ ഇതിനകം 17 ഗോളുകള്‍ സ്‌ട്രൈക്കര്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.
അതേസമയം, ചെല്‍സി കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് ഏറെ നിര്‍ണായകമാണ് ഡയനാമോ കീവിനെതിരായ ഇന്നത്തെ പോരാട്ടം. കീവിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോട് 1-3നു ചെല്‍സി തകര്‍ന്നടിഞ്ഞതോടെ മൊറീഞ്ഞോയെ പുറത്താക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
Next Story

RELATED STORIES

Share it