കണക്കുതീര്‍ക്കാനുറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ രണ്ടാംപാദ റിപ്ലേയില്‍ നിലവിലെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഥമ ഐഎസ്എല്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഈ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുന്നത്.
കഴിഞ്ഞ സീസണില്‍ മുന്നേറ്റം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിനും കൊല്‍ക്കത്തയ്ക്കും ഈ സീസണില്‍ നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. നിലവില്‍ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ആറാമതും ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണുള്ളത്. സീസണില്‍ ആറു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരിക്കുകയാണ്. അത് കൊണ്ട് തന്നെ മല്‍സരം തീപ്പാറുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.
പ്രഥമ സീസണിലെ ഫൈനലിലേറ്റ തോല്‍വിക്ക് കൊല്‍ക്കത്തയോട് കണക്കുതീര്‍ക്കാന്‍ ഇത് രണ്ടാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിക്കുന്നത്. ഈ സീസണിലെ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-2ന് കൊല്‍ക്കത്തയോട് പൊരുതി വീണിരുന്നു. അന്ന് മികച്ച പ്രകടനം നടത്തിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്ക്കു മുന്നില്‍ പരാജയം സമ്മതിച്ചത്.
ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിന് മുന്നില്‍ വച്ച് തന്നെ കൊല്‍ക്കത്തയോട് പകരം ചോദിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്.
പുതിയ പരിശീലകന്‍ ടെറി ഫെലന് കീഴില്‍ വിജയത്തോടെ തുടങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന എഫ്‌സി പൂനെ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്. ആക്രമണാത്മക ഫുട്‌ബോളിലൂടെ ഏവരുടെയും മനംകവര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു പൂനെയെ തകര്‍ത്തത്. മല്‍സരത്തില്‍ പൂനെയെ നിഷ്പ്രഭരാക്കിയ മഞ്ഞപ്പടയ്ക്ക് ഒരു ഡസനോളം ഗോളവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
പൂനെയ്‌ക്കെതിരേ കാഴ്ചവച്ച പ്രകടനം ഇന്ന് ആവര്‍ത്തിക്കാനായാല്‍ കൊല്‍ക്കത്തയെ മറികടക്കുകയെന്നത് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാവില്ലെന്നാണ് വിലയിരുത്തല്‍. സാഞ്ചസ് വാട്ട്, ക്രിസ് ഡാഗ് നല്‍, മുഹമ്മദ് റാഫി, ജോസു കുര്യാസ് എന്നിവരുടെ അത്യുജ്ജ്വല പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ അവസ്ഥ തന്നെയാണ് ആന്റോണിയോ ഹാബസ് പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയ്ക്കുമുള്ളത്. കഴിഞ്ഞ സീസണില്‍ കിരീടം ചൂടിയ കൊല്‍ക്കത്തയ്ക്ക് ഈ സീസണില്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചയ്ക്കാനായിട്ടില്ല. കഴിഞ്ഞ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ മുംബൈ സിറ്റിയെ തകര്‍ത്തതിനു ശേഷമായിരുന്നു കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റുകാരോട് അടിയറവ് പറഞ്ഞത്. ആദ്യപാദത്തില്‍ ഹ്യൂമിന്റെ മിന്നും പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. അത് കൊണ്ട് തന്നെ തങ്ങളുടെ മുന്‍ പടകുതിരയെ പൂട്ടാനുള്ള വഴി തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്.
കഴിഞ്ഞ സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിട്ടതില്‍പ്പിന്നെ ആദ്യമായാണ് ഹ്യൂം കൊച്ചിയില്‍ പന്തു തട്ടാനെത്തുന്നത്. കൊച്ചിയുടെ ഹ്യൂമേട്ടന്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
ഇന്ന് ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കും. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്താനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താന്‍ കഴിയുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്തയും ആഗ്രഹിക്കുന്നില്ല. ഇത് മല്‍സരത്തെ ആവേശഭരിതമാക്കും.
Next Story

RELATED STORIES

Share it