കടുത്ത വേനല്‍: സംസ്ഥാനത്തെ പാലുല്‍പാദനം കുറഞ്ഞു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ പാലുല്‍പാദനത്തിലും ഗണ്യമായ കുറവ്. മില്‍മയുടെ സംഭരണത്തിലും കാര്യമായ കുറവുണ്ടായി. 20 ശതമാനത്തിന്റെ ഇടിവാണു നേരിട്ടത്. അതേസമയം, വേനല്‍മഴ എത്തിയതോടെ ചൂടിനു പതിയെ ശമനമുണ്ടാവുമെന്നത് ക്ഷീരമേഖലയ്ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വേനലിലെ മില്‍മയുടെ പ്രതിദിന പാല്‍സംഭരണം 11,20,000 ലിറ്ററായിരുന്നു. നിലവിലിത് 9.8 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിനം 1,40,000 ലിറ്ററിന്റെ കുറവാണ് മില്‍മയുടെ ആഭ്യന്തര സംഭരണത്തിലുണ്ടായത്. അന്യസംസ്ഥാനത്തുനിന്ന് പാല്‍ ഇറക്കുമതി ചെയ്താണു നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. തിരുവനന്തപുരം മേഖലയില്‍ മാത്രം പ്രതിദിനം 42,000 ലിറ്ററിന്റെ കുറവാണുള്ളത്. ഇതോടെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലെ പാലളവിലും ഇടിവുണ്ടായി.
പ്രതിദിനം 4,300 ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്ന തിരുവനന്തപുരത്തെ വിളപ്പില്‍ശാല കാരോട് സഹകരണ സംഘത്തില്‍നിന്നു വേനലെത്തിയതോടെ 3,100 ലിറ്റര്‍ മാത്രമാണ്. പത്തനംതിട്ട ഡയറിയില്‍ പ്രതിദിനം 8000 ലിറ്റര്‍ പാലിന്റെ കുറവുണ്ട്. പ്രാഥമിക സംഘങ്ങളിലെ പാല്‍വരവില്‍ ദിനേന 100 മുതല്‍ 150 ലിറ്റര്‍ കുറവാണ്. വരള്‍ച്ച കണക്കിലെടുത്ത് മില്‍മ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലിറ്ററിന് 2 രൂപ അധികം നല്‍കുന്നുണ്ട്. സഹായം രണ്ടുമാസം തുടരാനാണു തീരുമാനം. വിപണനത്തിനുശേഷം ഉല്‍പാദന കേന്ദ്രത്തിലേക്ക് മില്‍മ കയറ്റി അയക്കുന്ന പാലിലും 500 ലിറ്ററിന്റെ കുറവുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ 11 ലക്ഷം ലിറ്ററായിരുന്ന പ്രതിദിന സംഭരണം 9.7 ലക്ഷം ലിറ്ററായും കുറഞ്ഞു. കടുത്ത വേനലിനെത്തുടര്‍ന്ന് ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാണ്.
പശുക്കളുടെ പാലുല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടായതോടെ പല സൊസൈറ്റികളിലും പാലളക്കുന്നതു പകുതിയായി കുറഞ്ഞിട്ടുണ്ട്. പുല്ലുള്‍പ്പെടെ പശുക്കളുടെ ഇഷ്ടഭക്ഷണത്തിലുണ്ടായ കുറവാണു പ്രധാന പ്രതിസന്ധി. സൂര്യതാപമേറ്റ് സംസ്ഥാനത്ത് കന്നുകാലികള്‍ ചത്ത സംഭവങ്ങളുമുണ്ടായി.ചൂടിനെത്തുടര്‍ന്ന് പശുക്കളെ മുഴുവന്‍ സമയവും പുറത്തിറക്കാനാവാതെ തൊഴുത്തില്‍ തന്നെ കെട്ടിയിടേണ്ട സാഹചര്യമാണ്. ശുദ്ധജലത്തിനു പകരം പശുക്കള്‍ക്ക് മലിനജലം നല്‍കേണ്ടിവരുന്നതും രോഗങ്ങള്‍ക്ക് ഇടയാക്കുന്നു.
Next Story

RELATED STORIES

Share it