thiruvananthapuram local

കടുത്ത വേനല്‍:  ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നതായി റിപോര്‍ട്ട് ; 3 മുതല്‍ 4 മീറ്റര്‍ വരെ ജലനിരപ്പ് കുറഞ്ഞു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാനവും ജലാശയങ്ങളിലെ ജലനിരപ്പും കുത്തനെ താഴുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂക്ഷമായ തോതിലാണ് ഈ വേനലില്‍ ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാറശ്ശാല, നെടുമങ്ങാട്, ചിറയിന്‍കീഴ്, കഴക്കൂട്ടം, മംഗലപുരം, വട്ടിയൂര്‍ക്കാവ്, ചിറയിന്‍കീഴ് എന്നിവിടങ്ങളിലാണ് ജലവിതാനത്തില്‍ വലിയ കുറവ് കണ്ടെത്തിയിട്ടുള്ളത്. മൂന്നു മുതല്‍ നാല് മീറ്റര്‍ വരെയാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം ബ്ലോക്കുകളില്‍ 98 സ്ഥലങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷമായി കുറഞ്ഞ ജലവിതാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ തോത് രേഖപ്പെടുത്താന്‍ നിശ്ചയിച്ചിട്ടുള്ള കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചാണ് ഭൂഗര്‍ഭ ജലവകുപ്പ് ജലവിതാനത്തിന്റെ കുറവ് മനസ്സിലാക്കിയിരിക്കുന്നത്.
മാസത്തിലൊരിക്കലോ രണ്ടു മാസം കൂടുമ്പോഴോ ആണ് ജലനിരപ്പ് പരിശോധിക്കുക. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും രണ്ടു മുതല്‍ ആറു മീറ്റര്‍ വരെ കുറവാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഭൂഗര്‍ഭ ജലവിതാനം ആറ് മീറ്ററോളം കുറവാണ് കണ്ടിരുന്നത്.
കൊല്ലത്ത് 13 ബ്ലോക്കുകളില്‍ ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. മഴയുടെ കുറവ് മാത്രമല്ല, വന്‍തോതിലുള്ള പ്രകൃതിനശീകരണവും ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.
മഴലഭ്യതയാണ് ഭൂഗര്‍ഭജലനിരപ്പിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. മഴലഭ്യതക്കുറവ് ജില്ലയിലെ ഭൂഗര്‍ഭജലവിതാനത്തിലും പ്രകടമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല ശരാശരിയില്‍ തലസ്ഥാന ജില്ലയില്‍ ജലവിതാനം താഴ്ന്നത് 60 സെന്റിമീറ്ററാണ്. മഴ കുറഞ്ഞതിനു പുറമെ ചൂട് കൂടുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സീസണില്‍ 135.3 മില്ലിമീറ്റര്‍ വേനല്‍മഴ കിട്ടേണ്ട ജില്ലയില്‍ ലഭിച്ചത് 76.2 മില്ലിമീറ്ററാണ്.
44 ശതമാനം കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ 1951 മുതല്‍ 2010 വരെയുള്ള നിരീക്ഷണത്തില്‍ സംസ്ഥാനത്തെ പ്രതിവര്‍ഷ മഴലഭ്യത 1.43 മില്ലിമീറ്റര്‍ നിരക്കായി കുറഞ്ഞുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it