ernakulam local

കടുത്ത വേനല്‍ ചൂട്: അങ്കണവാടി കുരുന്നുകളുടെ പഠനവും പ്രതിഷേധത്തിനിടയാക്കുന്നു

മട്ടാഞ്ചേരി: നാട് കടുത്ത വേനല്‍ ചൂടില്‍ അമരുമ്പോള്‍ അങ്കണവാടിയിലെ കുരുന്നുകള്‍ കുടുസു മുറികളില്‍ കഴിയുന്നത് ശ്രദ്ധിക്കാന്‍ അധികൃതര്‍ മുതിരാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
പല അങ്കണവാടികളിലും വൈദ്യുതി ഇല്ലാത്തതിനാല്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനല്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നത് അധികൃതര്‍ വിലക്കിയെങ്കിലും അങ്കണവാടികളുടെ കാര്യത്തില്‍ ഇതുണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് പല അങ്കണവാടികളും പ്രവര്‍ത്തിക്കുന്നത്. കടുത്ത ചൂടില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ട് പോലും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുരുന്നുകള്‍ ചൂടില്‍ വെന്തുരുകി കഴിയുന്നത്.
സാധാരണക്കാരുടെ കുട്ടികളാണ് അങ്കണവാടികളില്‍ പോകുന്നവരില്‍ ഭൂരിഭാഗവും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് അങ്കണവാടികളുടെ പ്രവര്‍ത്തന സമയം. ഈ സമയമത്രയും കുട്ടികള്‍ ചൂട് സഹിച്ച് നിലത്ത് കിടക്കുകയാണ്. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള പല അങ്കണവാടികളിലും വൈദ്യുതി ലഭിച്ചിട്ടില്ല.
പ്രത്യേകിച്ച് പശ്ചിമകൊച്ചിയില്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ചൂട് കൂടും.
മാത്രമല്ല പല അങ്കണവാടികളിലും ശുദ്ധ ജലം ലഭിക്കുന്നതിനുള്ള സാഹചര്യവുമില്ല. മറ്റിടങ്ങളില്‍നിന്ന് ശേഖരിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്.
മൂന്ന്, നാല് വയസ്സ് പ്രായമുള്ള കുട്ടികളാണ് അങ്കണവാടികളില്‍ പോവുന്നത്. അതുകൊണ്ട് തന്നെ കടുത്ത ചൂട് താങ്ങാന്‍ അവര്‍ക്കാവില്ല. അതിനാല്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം അങ്കണവാടികള്‍ക്കും നല്‍കണമെന്നും അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it