malappuram local

കടല്‍ഭിത്തിയില്ല: ഭീതിയോടെ തീരദേശം

പൊന്നാനി: വര്‍ഷക്കാലമെത്തിയോടെ പൊന്നാനിയുടെ തീരദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ നെഞ്ചിടിപ്പു കൂടി. സുരക്ഷിതമായ കടല്‍ഭിത്തിയുടെ അഭാവമാണ് തീരവാസികളുടെ ആശങ്ക ഉയര്‍ത്തുന്നത്. പാലപ്പെട്ടി കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗങ്ങളിലെ കടല്‍ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നനിലയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മിച്ച കടല്‍ഭിത്തികള്‍ നേരത്തേതന്നെ തകര്‍ച്ചയിലായിരുന്നു. തകര്‍ന്ന കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ ഏത് നിമിഷവും ഭവനരഹിതരാകുമെന്ന സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദമായത് തീരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.
11 കിലോമീറ്ററിലേറെ വരുന്ന പൊന്നാനിയുടെ തീരദേശത്ത് പകുതിയില്‍ താഴെ മാത്രമാണ് അല്‍പ്പമെങ്കിലും സുരക്ഷിതമായ കടല്‍ഭിത്തിയുള്ളത്.തീരെ കടല്‍ഭിത്തിയില്ലാത്തതും തകര്‍ന്നടിഞ്ഞതുമായ ഭാഗത്ത് നിരവധി വീടുകള്‍ ഉണ്ട്.പാലപ്പെട്ടി മേഖലയിലെ അജ്മീര്‍നഗര്‍,വെളിയങ്കോട് ഭാഗത്തെ പത്തുമുറി,പുതുപൊന്നാനി മേഖലയിലെ മുറിഞ്ഞഴി,പൊന്നാനി തിരഞ്ഞെ മരക്കടവ്,ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളില്‍ കടല്‍ഭിത്തിയുടെ അഭാവം മൂലം കടലാക്രമണത്തെ പ്രതീക്ഷിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്നത്.
ഇടക്കിടെ കടല്‍ഭിത്തി നിര്‍മിക്കുമെങ്കിലും നിര്‍മിക്കാനെടുക്കുന്ന സമയത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിയുകയാണ് പതിവ്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കാരണം.
9 കോടിരൂപ ചെലവില്‍ പൊന്നാനി തീരത്ത് കടല്‍ഭിത്തി നിര്‍മിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നരവര്‍ഷമായി അത് കടലാസില്‍ തന്നെയാണ്.തീരത്തെ പ്രതിരോധിക്കുന്നതിനായി സമ്പൂര്‍ണ്ണ കടല്‍ഭിത്തിക്കായി ജലസേചന വകുപ്പ് വ്യത്യസ്ത പദ്ധതി രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയില്ല.കടല്‍ഭിത്തി നിര്‍മിക്കാത്തതിനാ ല്‍ ഇത്തവണയും നാശനഷ്ടങ്ങ ള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് തീരദേശ കുടുംബങ്ങള്‍.കടലാക്രമണത്തെ പ്രതിരോധിക്കാന്‍ യാതൊന്നും ചെയ്യാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.നഗരസഭയുടെ കിഴില്‍ പുനരധിവാസ കേന്ദ്രവും ഫിഷര്‍മെന്‍ കോളനിയും ഉണ്ടെങ്കിലും അവ വാസയോഗ്യമല്ലാതായി മാറിയിട്ട് കാലങ്ങളായി.
Next Story

RELATED STORIES

Share it