thiruvananthapuram local

കടല്‍ക്ഷോഭം; വീട് തകര്‍ന്നതിന് ദുരിതാശ്വാസ ധനസഹായം

തിരുവനന്തപുരം: കടല്‍ത്തിര മൂലം ഭാഗികമായി വീട് തകര്‍ന്നതിന് 12,600 രൂപ ദുരിതാശ്വാസ ധനസഹായം അനുവദിച്ചു. ധനസഹായം ആവശ്യപ്പെട്ട് അയറിന്‍ വലിയതുറ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തിരുവനന്തപുരം തഹസില്‍ദാര്‍ ഇതുസംബന്ധിച്ച് കമ്മീഷന് റിപോര്‍ട്ട് നല്‍കി. വീടുമായി ബന്ധപ്പെട്ട 2 സെന്റ് സ്ഥലം കടലെടുത്തതിനാല്‍ പകരം ഭൂമി കണ്ടെത്തി പരാതിക്കാരന് നല്‍കാന്‍ സാധിക്കുമോയെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മറ്റൊരു കേസില്‍ കമ്മീഷന്‍ തഹസില്‍ദാറോട് ആവശ്യപ്പെട്ടു.
ഫെഡറല്‍ ബാങ്കിന്റെ കാരക്കോണം ശാഖയില്‍നിന്ന് 2006ല്‍ 6,80,000 രൂപ 15 വര്‍ഷ തിരിച്ചടവില്‍ വായ്പയെടുത്തതില്‍ 10,48,000 രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി തിരിച്ചവടവില്ലാത്തതിന്റെ പേരില്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചതില്‍നിന്ന് ബാങ്കിനെ തടയണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ പരാതിക്കാരന് ഒറ്റത്തവണ തീര്‍പ്പാക്കലിന് വിധേയമായി പരമാവധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ച് കമ്മീഷന്‍ കേസ് തീര്‍പ്പാക്കുകയായിരുന്നു.
രാത്രി വഴിയില്‍ കണ്ട ബൈക്കിന് കൈകാണിച്ചു കയറുകയും ബൈക്കുകാരന്‍ പോലിസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി തള്ളുകയും ഇതിന്റെ പേരില്‍ പോലിസുകാരന്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന ജയശീലന്‍ പൂന്തുറയുടെ പരാതിയില്‍ കമ്മീഷന്‍ പോലിസില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലയിലെ നിലവിലുള്ള മുഴുസമയ എല്‍പിഎസ്എ ഒഴിവുകളും പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി നെസ്‌ലി സമര്‍പ്പിച്ച പരാതിയില്‍ അധ്യാപകര്‍ക്ക് സ്ഥിരം തസ്തികയില്‍ നിയമനം നല്‍കി കഴിഞ്ഞുണ്ടാവുന്ന ഒഴിവുകള്‍ മാത്രമേ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ സാധിക്കൂ എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കമ്മീഷന്‍ ഡിഡിക്ക് നോട്ടിസ് നല്‍കും.
Next Story

RELATED STORIES

Share it