കടല്‍ക്കൊല: കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല; കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി: രണ്ടാം നാവികനും ഇറ്റലിയിലേക്കു മടങ്ങുന്നു

കെ എ സലിം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് നാട്ടിലേക്കു പോവാന്‍ സുപ്രിംകോടതിയുടെ അനുമതി. നിലവില്‍ രാജ്യാന്തര തര്‍ക്കപരിഹാര കോടതിയിലുള്ള കേസ് തീര്‍പ്പാവുന്നതുവരെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നാവികന്‍ സമര്‍പ്പിച്ച ഹരജിയില്‍ പി സി പാന്ത്, ഡി വൈ ചന്ദ്രഹുഡ് എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ വേനല്‍ക്കാല ബെഞ്ചിന്റേതാണു വിധി.
ഹരജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല. നാവികന്റെ ആവശ്യത്തെ മാനുഷികപരിഗണന കണക്കിലെടുത്ത് എതിര്‍ക്കുന്നില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ടി എസ് നരസിംഹം വ്യക്തമാക്കി.
നാട്ടിലേക്കു പോവാന്‍ അനുവദിക്കുകയാണെങ്കില്‍ നാവികന്റെ പാസ്‌പോര്‍ട്ടെങ്കിലും വാങ്ങിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. നേരത്തെ ഇറ്റലിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം പാസ്‌പോര്‍ട്ട് ഇറ്റാലിയന്‍ അധികൃതരാണ് സൂക്ഷിച്ചുവയ്‌ക്കേണ്ടതെന്നാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. ഹരജിയില്‍ പ്രധാനമായും നാല് ഉപാധികളാണ് ഇറ്റലിക്കു മുമ്പാകെ കേന്ദ്രം മുന്നോട്ടുവച്ചത്. രാജ്യാന്തര കോടതിയുടെ മുന്നിലുള്ള കേസില്‍ ഇന്ത്യക്ക് അനുകൂലമായി വിധിയുണ്ടായാല്‍ ഒരുമാസത്തിനകം തിരിച്ചുവരണം, നാവികര്‍ രണ്ടുപേരും ഇറ്റലിയിലാണ് കഴിയുന്നതെങ്കിലും അവര്‍ ഇന്ത്യയുടെ അധികാരപരിധിക്കുള്ളിലാണ്, ഇറ്റലിയിലെത്തിയാല്‍ പാസ്‌പോര്‍ട്ട് അവിടുത്തെ അധികൃതരെ ഏല്‍പ്പിക്കണം, ഇക്കാര്യങ്ങളിലെ ഉറപ്പുകള്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി എഴുതിനല്‍കണം എന്നിവയായിരുന്നു നിബന്ധനകള്‍.
നാവികന്‍ എല്ലാ മാസവും റോമിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നും ഇക്കാര്യം ഇറ്റലി ഇന്ത്യയെ അറിയിക്കണമെന്നും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജര്‍മനിയിലെ സമുദ്ര തര്‍ക്ക പരിഹാര കോടതിയില്‍ കേസ് തീര്‍പ്പാവുന്നതുവരെ ജിറോണിനെ ഇറ്റലിയിലേക്കു പോവാന്‍ അനുവദിക്കണമെന്ന് ഹേഗിലെ ഐക്യരാഷ്ട്രസഭാ മധ്യസ്ഥ സ്ഥിരംകോടതി മെയ് മൂന്നിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രിംകോടതിയാണു നിലപാട് എടുക്കേണ്ടതെന്നായിരുന്നു ഇന്ത്യയുടെ വാദം. ഇതോടെയാണ് ജിറോണ്‍ സുപ്രിംകോടതിയെ സമീപിച്ചത്. കോടതി വേനലവധിക്ക് പിരിഞ്ഞതിനാല്‍ വേനല്‍ക്കാല ബെഞ്ചാണ് വാദംകേട്ടത്.
പ്രതിയായ മറ്റൊരു നാവികന്‍ ലസ്‌തോറെ മാസിമിലിയാനോ പക്ഷാഘാതം പിടിപെട്ട് ഇറ്റലിയില്‍ കഴിയുകയാണ്. 2014 സപ്തംബറില്‍ നാട്ടിലേക്കു പോയ മാസിമിലിയാനോയ്ക്ക് സപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാന്‍ അനുമതിനല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ് സാല്‍വത്തോറെ ജിറോണ്‍.
Next Story

RELATED STORIES

Share it