കടലും വിമാനവും കാണാന്‍ കാടിറങ്ങി അവര്‍ വന്നു

കോഴിക്കോട്: പുറംലോകവുമായി യാതൊരുബന്ധവുമില്ലാത്ത ഒരുകൂട്ടം പേര്‍ നഗരവും കടലും വിമാനവും കാണാന്‍ കാടിറങ്ങി. നെടുങ്കയം വനമേഖലയിലെ ഉള്‍ക്കാട്ടില്‍ നിന്നുമാണ് ആദിവാസികളിലെ ചോലനായ്ക്ക വിഭാഗമായ 47 പേര്‍ കോഴിക്കോട്ടെത്തിയത്. നഗരവും ആകാശവിസ്മയങ്ങളും കടലിന്റെ സൗന്ദര്യവും കാണാനായി വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ഇവരെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ ബാന്റ് മേളത്തോടെയായിരുന്നു ഇവര്‍ക്ക് സ്വീകരണം നല്‍കിയത്. കാടിന്റെ മക്കളെന്ന് വിളിക്കുന്ന ഇവര്‍ക്കായി ഒട്ടേറെ കൗതുക കാഴ്ചകളും ഇവിടെ ഒരുക്കിയിരുന്നു.
ഐന്‍സ്റ്റീന്‍ ആരെന്ന് ചോലനായ്ക്കര്‍ക്ക് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ചലനനിയമ പ്രകാരമുള്ള മൂന്ന് ജല റോക്കറ്റുകള്‍ ഇവര്‍ക്ക് കാണാനായി വിക്ഷേപിച്ചു. ചലനനിയമം വിവരിച്ചത് അധികം പേര്‍ക്കും മനസ്സിലായില്ലെങ്കിലും റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയത് അത്ഭുതമായി.
ഉച്ചഭക്ഷണവും പ്ലാനറ്റേറിയത്തില്‍ സജ്ജമാക്കിയിരുന്നു. ചോലനായ്ക്ക മൂപ്പന്‍ രണ്ടാഴ്ച്ച മുമ്പാണ് മരിച്ചത്. ഇപ്പോള്‍ ഇവരുടെ കൂട്ടത്തിലെ മുതിര്‍ന്ന അംഗം പാണപ്പുഴ കരിയനാണ്. പ്രായം 80വയസ്സിനോടടുത്ത്. രണ്ട് വയസ്സുകാരി കീര്‍ത്തന പ്രിയയായിരുന്നു സംഘത്തിലെ ഏറ്റവും ചെറുത്. സന്ദര്‍ശക സംഘത്തില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ബാലനും വിജയനും. വനം വകുപ്പിലാണ് രണ്ടുപേര്‍ക്കും ജോലി. സംഘത്തിലെ മണി എന്ന യുവാവ് തങ്ങളുടെ യാത്രവിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. രാവിലെ 8.30നാണ് ഊരില്‍ നിന്ന് ഇറങ്ങിയത്. കാടിന് പുറത്തെത്തുമ്പോള്‍ 12.30നോടടുത്ത്. ഇവരുടെ യാത്രകള്‍ ഇങ്ങനെയാണ് ആനയും പുലിയുമടങ്ങുന്ന വന്യമൃഗങ്ങള്‍ വഴി തടസ്സപ്പെടുത്തുമ്പോള്‍ പുതിയ വഴികള്‍ തേടി അവരിറങ്ങും. പുറത്തെത്തുമ്പോള്‍ പലപ്പോഴും വൈകൂം. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ഉണ്ടായിരുന്നെങ്കിലും വിമാനം കാണാന്‍ സാധിച്ചില്ല. വൈകിയതു തന്നെ കാരണം. പ്ലാനറ്റേറിയത്തിലെ മിറര്‍ മാജിക്ക് ആസ്വദിച്ചു. അവിടുത്തെ കാട് മാത്രം ഇഷ്ടപ്പെട്ടില്ല. കാട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍. ഇതാണോ കാട്. ഞങ്ങളുടെ കാട്ടില്‍ ആനയുണ്ട്, പുലിയുണ്ട്, കടുവയുണ്ട് ഇതെന്ത് കാട് എന്നായിരുന്നു ചോലനായ്ക്ക വിഭാഗത്തിലെ നിഷയുടെ മറുചോദ്യം.
പ്രദീപ് ഹുഡിനോയുടെ മാജിക്കും ത്രിഡി വിസ്മയവും ആസ്വദിച്ചും ദൂരദര്‍ശിനി വഴി സൂര്യനെ നിരീക്ഷിച്ചും വൈകുംവരെ സംഘം പ്ലാനറ്റേറിയത്തില്‍ ചിലവിട്ടു. കൂട്ടത്തിലെ മുതിര്‍ന്ന അംഗം പാണപ്പുഴ കരിയനെ എസ്ബിടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുരളീധരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്ലാനറ്റേറിയം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് എസ് ഐ സദാശിവത്തെ ചടങ്ങില്‍ ആദരിച്ചു. ചോലനായ്ക്ക വിഭാഗത്തിനുള്ള മഴു, പാത്രങ്ങള്‍ തുടങ്ങിയവയും വിതരണം ചെയ്തു. കടലിന്റെ സൗന്ദര്യം കാണാനായി യാത്ര പുറപ്പെട്ട സംഘം തിരികെ പ്ലാനറ്റേറിയത്തിലെത്തി അവിടെ താമസിക്കും. ഇന്ന് രാവിലെ അവര്‍ തങ്ങളുടെ കാട് വിട്ടൊരു കളിയില്ലെന്ന് പ്രഖ്യാപിച്ച് കാടുകയറും. മടങ്ങും വഴി കരിപ്പുരിലുമെത്തും, വിമാനം കാണാന്‍.
Next Story

RELATED STORIES

Share it