Second edit

കടലിലെ പൂന്തോട്ടം

പവിഴപ്പുറ്റുകളെ കടലിലെ പൂന്തോട്ടം എന്നാണ് ഗവേഷകര്‍ വിളിക്കാറുള്ളത്. ആഴം കുറഞ്ഞ കടലില്‍ വിശാലമായ പ്രദേശങ്ങളില്‍ സൂര്യപ്രകാശത്തില്‍ വിവിധ വര്‍ണാങ്കിതമായി വെട്ടിത്തിളങ്ങുന്ന പവിഴപ്പുറ്റുകള്‍ നയനാനന്ദകരമാണ്. മാത്രമല്ല, വിവിധതരം മല്‍സ്യങ്ങളുടെ പ്രജനനത്തിന് ഏറ്റവും പറ്റിയ അന്തരീക്ഷം ഒരുക്കുന്നതും ഈ പവിഴപ്പുറ്റുകള്‍ തന്നെ.
ആസ്‌ത്രേലിയയുടെ വടക്കുഭാഗത്ത് ഏതാണ്ട് 1,000 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ് ലോകത്തെ ഏറ്റവും പ്രശസ്തമായ പവിഴപ്പുറ്റുമേഖല. പൊതുവില്‍ സമുദ്രമലിനീകരണം കുറഞ്ഞ ഈ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ ലോകാദ്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടിരുന്നു. അത്ര ഉജ്ജ്വലമായിരുന്നു അതു നല്‍കുന്ന കാഴ്ച.
പക്ഷേ, കഴിഞ്ഞ മൂന്നാലു മാസത്തിനിടയില്‍ ഈ വിശാലമായ മേഖലയില്‍ 95 ശതമാനവും കടുത്ത രോഗഭീഷണി നേരിടുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ശാന്തസമുദ്ര മേഖലയില്‍ ഇത്തവണയുണ്ടായ അമിതമായ ചൂടാണു കാരണം. ചൂടു കൂടുമ്പോള്‍ പവിഴപ്പുറ്റുകള്‍ വിളറിവെളുക്കും. വൈകാതെ അവ ചേതനയറ്റു നശിച്ചുപോവുകയും ചെയ്യും.
ഇപ്പോഴത്തെ മഹാദുരന്തത്തിനു കാരണം ആഗോളതാപനവും കടലിലെ ചൂടു വര്‍ധിപ്പിക്കുന്ന എല്‍ നിനോ പ്രതിഭാസവുമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ നാശം പ്രദേശത്തെ മല്‍സ്യസമ്പത്തിനെയും കഠിനമായി ബാധിക്കും. ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഇവിടെ മല്‍സ്യബന്ധനം.
Next Story

RELATED STORIES

Share it