Second edit

കടലിനും കരയ്ക്കുമിടയില്‍

ജീവന്റെ ഉദ്ഭവം ജലത്തിലാണുണ്ടായതെന്നു ഗവേഷകര്‍. പക്ഷേ, ഒരു പ്രത്യേക ഘട്ടത്തില്‍ ജലജീവികളില്‍ ഒരുകൂട്ടര്‍ കരയിലേക്കു കുടിയേറി. ഏതാണ്ട് 375 ദശലക്ഷം വര്‍ഷം മുമ്പാണ് ഇങ്ങനെയൊരു കുടിയേറ്റം സംഭവിച്ചതെന്നാണു ജീവശാസ്ത്രകാരന്‍മാര്‍ പറയുന്നത്. എന്നാല്‍, കടലിലെ ജീവികള്‍ നീന്തല്‍ മാത്രം അറിയുന്നവരാണ്. പക്ഷേ, കരയില്‍ അത്തരമൊരു വിദ്യകൊണ്ടു കഴിഞ്ഞുകൂടാനാവില്ല. അതുകൊണ്ടാണ് ജലത്തില്‍നിന്നു കരയിലെടുത്തിട്ട മല്‍സ്യങ്ങള്‍ കിടന്നുപിടയുന്നത്. പക്ഷേ, കരയിലെ ജീവികളെപ്പോലെ ചിറകുകള്‍ ഉപയോഗിക്കുന്ന ഒരിനം മല്‍സ്യത്തെ ഈയിടെ ഗവേഷകര്‍ കണ്ടെത്തി. തായ്‌ലന്‍ഡിലെ ഒരു ഗുഹാസഞ്ചയത്തില്‍ മാത്രം കാണുന്ന ഈയിനം മല്‍സ്യങ്ങളുടെ ശാസ്ത്രനാമം ക്രിപ്‌റ്റോറ്റോറ താമിക്കോള എന്നാണ്. 1985ലാണ് ആദ്യമായി ഈയിനം മല്‍സ്യങ്ങളെ കണ്ടെത്തിയത്. ലോകത്ത് വേറെയെവിടെയും അത്തരം മല്‍സ്യങ്ങളില്ല. എന്നാല്‍, അവയുടെ സഞ്ചാരസവിശേഷതകള്‍ ഈയിടെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കുത്തനെയുള്ള പാറകളിലൂടെ മുകളില്‍നിന്നുള്ള ജലപ്രവാഹത്തെ അവഗണിച്ച് അവ കയറിപ്പോവുന്നതു കണ്ട ഗവേഷകരാണ് എങ്ങനെ ഇതു സംഭവിക്കുന്നു എന്നു പഠിച്ചത്. അപ്പോഴാണ് ഇവ മല്‍സ്യങ്ങളുടെ ചിറകുകളെ കരജീവികളായ ഓന്തുകളെയും മറ്റും പോലെ ഉപയോഗിക്കാന്‍ പഠിച്ച കൂട്ടരാണെന്ന് അവര്‍ കണ്ടെത്തിയത്. എന്നുവച്ചാല്‍ ജലത്തില്‍നിന്നു കരയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്തരാളഘട്ടത്തിന്റെ ഒരു പ്രതിനിധിയാണ് ഇന്നും തായ് ഗുഹകളില്‍ നിലനില്‍ക്കുന്നത്.
Next Story

RELATED STORIES

Share it