thrissur local

കടലാമ മുട്ടകള്‍ കുറുക്കന്മാര്‍ നശിപ്പിച്ചു; പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട് പുനര്‍നിര്‍മിച്ചു

ചാവക്കാട്: എടക്കഴിയൂര്‍ കടല്‍ തീരത്ത് 60ഓളം ആമ മുട്ടകള്‍ കുറുക്കന്മാര്‍ നശിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ കടലാമ കൂടുവച്ചു. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ ഹരിത വിദ്യാര്‍ഥികളും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കടലാമ മുട്ടകള്‍ക്ക് കൂടുവച്ചത്. ഇന്നലെ പുലര്‍ച്ചെ ടര്‍ട്ടില്‍ വാക്കിനിടയിലാണ് ആമ മുട്ടകള്‍ കുറുക്കന്മാര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബാക്കി വരുന്ന മുട്ടകള്‍ സംഘം സംരക്ഷിക്കുകയായിരുന്നു.
ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട ആമയുടേതാണ് മുട്ടകള്‍. സ്‌കൂളിലെ ഹരിതസേന പ്രവര്‍ത്തകരായ നസീര്‍ ചിന്നാലി, സി എല്‍ ജേക്കബ്, വിദ്യാര്‍ഥികളായ കെ എസ് ഷഹദ്, യാസിര്‍, എ എ സവാഹിര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മുട്ടകള്‍ മാറ്റി. ഇനി 45 ദിവസത്തോളം കാലം സി ടി മുഹമ്മദ്, മുഹമ്മദ് സലിം എടക്കഴിയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂടയ്ക്ക് കാവലുണ്ടാവും.
ഈ മേഖലയില്‍ ധാരാളമായി കാണുന്ന കുറുക്കന്മാരില്‍ നിന്നും തൊരപ്പന്‍ ഞണ്ടുകളില്‍ നിന്നു കടലാമ മുട്ടകള്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് കാവലേര്‍പ്പെടുത്തിയതെന്ന് കടലാമ സംരക്ഷകനായ എന്‍ ജെ ജെയിംസ് പറഞ്ഞു. മാര്‍ച്ച് ആദ്യവാരത്തോടെ ഇവയെല്ലാം വിരിഞ്ഞിറങ്ങാന്‍ തുടങ്ങുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it