Pathanamthitta local

കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് നഗരസഭ അടച്ചുപൂട്ടി

പന്തളം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പന്തളം നഗരസഭ കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടി. ഇന്നലെ രാവിലെ രാവിലെ 11 ഓടെ നഗരസഭ സെക്രട്ടറി എ വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂഫിയുടെ നേതൃത്വത്തില്‍ വന്‍പോലിസ് സംഘവുമായെത്തിയാണ് ചന്തപൂട്ടിയത്. രാവിലെ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് പോലിസുകാര്‍ എത്തിയത്.
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരവും ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന റിട്ട് പെറ്റീഷന്‍ തള്ളികൊണ്ട് കഴിഞ്ഞമാസം ഏഴിന് പുറപ്പെടുവിച്ച് ഉത്തരവ് പ്രകാരവുമാണ് നടപടി. മാര്‍ച്ച് 31ന് ശേഷം മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ കുറ്റവും കോടതി അലക്ഷ്യവുമാണെന്ന് സെക്രട്ടറിക്ക് ലഭിച്ച ഉത്തരവില്‍ പറയുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിപത്രം ലഭിച്ചതിന് ശേഷമേ ചന്ത പ്രവര്‍ത്തിയ്ക്കാന്‍ പാടള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ചന്തയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും ബോര്‍ഡിന്റെയും നഗരസഭയുടെയും അനുമതിയ്ക്ക് നിരക്കാത്ത രീതിയിലുള്ളതായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനിടെ കരാറുകാരന്‍ സമ്പാദിച്ച ഇടക്കാല ഉത്തരവും ചന്തയിലെ തൊഴിലാളികളുടെ പ്രതിഷേധവും മൂലം മാര്‍ക്കറ്റ് പൂട്ടുന്നതിന് കഴിഞ്ഞിരുന്നില്ല. നഗരസഭ പ്രത്യേക കൗണ്‍സില്‍ കൂടി പുനര്‍ലേലം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഹൈക്കോടതി വിധിയും കമ്മീഷന്‍ ഉത്തരവും തടസ്സമായി. ഇതിനിടെ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ച് ചന്തപൂട്ടുന്നതിന്റെ ഉത്തരവ് വാങ്ങി സെക്രട്ടറിയ്ക്ക് കൈമാറുകയായിരുന്നു.
ചന്തപൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികളും, കച്ചവടക്കാരും പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും, നഗരസഭ ഓഫീസ് ഉപരോധവും നടത്തി. സമാധാനപരമായി നടത്തിയ ഉപരോധത്തിലും മാര്‍ച്ചിലും വന്‍ ജനപങ്കാളിത്തം ഉണ്ടായി.
അറസ്റ്റ് ചെയ്ത തൊഴിലാളികളെ ബഹുജന മുന്നണി നേതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. നഗരസഭ ഉപരോധം കെ പി ചന്ദ്രശേഖരകുറുപ്പ് ഉദ്ഘാടനം ചെയ്തു. നൗഷാദ് റാവുത്തര്‍, ടി ഡി ബൈജു, അഡ്വ.പ്രമോദ് കുമാര്‍, തൊഴിലാളി, വ്യാപാരി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it