thrissur local

കടപ്പുറത്ത് മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പോര്; പ്രവര്‍ത്തകരില്‍ ആശങ്ക

ചാവക്കാട്: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മല്‍സര രംഗത്ത്. ഇതോടെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടപ്പുറം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പോര് മുറുകി. ആര്‍ക്ക് വോട്ട് ചെയ്യണമെന്നതില്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക.
കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ അഴിമുഖത്ത് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായ സുബൈറിനെതിരേയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനും പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്ററുമായ പി എ അഷ്‌ക്കറലി രംഗത്തുള്ളത്. മുസ്‌ലിം ലീഗ് നേതാക്കളുടെ മൗനാനുവാദത്തോടേയാണ് അഷ്‌ക്കറലി മല്‍സരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് യുഡുഎഫിനായി മല്‍സരിച്ചത്. വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന ഉറപ്പു നല്‍കിയതോടേയാണ് മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന അഷ്‌ക്കറലി മുസ്‌ലിം ലീഗില്‍ ചേര്‍ന്നതെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്നിരുന്നു. ഇതിനായി ഇത്തവണ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇതിനു തയ്യാറായില്ല.
തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ചയില്‍ വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതോടെ സ്ഥാനാര്‍ഥിയായി സുബൈറിനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, വാര്‍ഡ് മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ടി കെ മുബാറക്കിനെ മുന്‍ നിര്‍ത്തി ഒരു വിഭാഗം മുസ്‌ലിം ലീഗുകാര്‍ അഷ്‌ക്കറലിയെ വാര്‍ഡില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി രംഗത്തെത്തിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. അതേസമയം, പഞ്ചായത്തിലെ ഏഴാം വാര്‍ഡായ അടിതിരുത്തിയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസുകാര്‍ സിപിഎമ്മുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതായും ഇതിനു ബദലായി ഇതിനെ കണ്ടാല്‍ മതിയെന്നുമാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ നിലപാട്.
കഴിഞ്ഞ ദിവസം നടന്ന കടപ്പുറം പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പഞ്ചായത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം സുബൈര്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഹാജറ താജുദ്ദീന്‍ 397 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ വാര്‍ഡില്‍ ഇത്തവണ എന്തു വിലകൊടുത്തും അഷ്‌ക്കറലിയെ വിജയിപ്പിക്കാനാണ് മുസ്‌ലിം ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി വാര്‍ഡില്‍ നൂറിലധികം വോട്ടുകളുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ വോട്ട് മറിക്കാനും മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നുണ്ട്. വാര്‍ഡിലെ ചില മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും അഷ്‌ക്കറലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജീവമായാണ് രംഗത്തിറങ്ങിയിട്ടുള്ളത്. അതേ സമയം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആശധ്കയിലാണ് വാര്‍ഡിലെ മറ്റു പ്രവര്‍ത്തകര്‍ക്കുള്ളത്. അഷ്‌ക്കറലിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ താല്‍ക്കാലികമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാമെന്നും പിന്നീട് തിരിച്ചെടുക്കാമെന്നും ലീഗ് നേതൃത്വം കരുതുന്നു.
അഷ്‌ക്കറലി വിജയിക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് അധികം ലഭിക്കുകയും അതുവഴി വൈസ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിന്റെ അവകാശവാദത്തിന് തടയിടാനാകുമെന്നും മുസ്‌ലിം ലീഗ് നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.
കൂടാതെ അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്ക് ഈ സീറ്റ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാനാവുമെന്നും ലീഗ് കരുതുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് പത്രവാര്‍ത്തകളൊന്നും ഇതു വരെ വരാത്ത സാഹചര്യത്തില്‍ നടപടിയുമായി മുന്നോട്ട് വരേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 16 വാര്‍ഡായ ലൈറ്റ്ഹൗസില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിം ലീഗിലെ റാഫി വലിയകത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് സി മുസ്താക്കലി 32 വോട്ടുകള്‍ക്കും 10ാം വാര്‍ഡായ പുതിയങ്ങാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിം ലീഗിലെ പി കെ ബഷീറിനെതിരേ മുസ്‌ലിം ലീഗിലെ തന്നെ ബി ടി പൂക്കോയ തങ്ങള്‍ 100 വോട്ടകള്‍ക്കും വിജയിച്ചിരുന്നു.
തുടര്‍ന്ന് ഇരുവരേയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും താല്‍ക്കാലികമായി പുറത്താക്കുകയും പിന്നീട് പാര്‍ട്ടികളിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള നീക്കത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം ഇത്തവണയും തയ്യാറെടുക്കുന്നത്.
Next Story

RELATED STORIES

Share it