palakkad local

കടപ്പാറയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

മംഗലംഡാം: മലയോരമേഖലയായ കടപ്പാറയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. രാവിലെയും വൈകുന്നേരവുമായി രണ്ടു ട്രിപ്പാണ് കടപ്പാറയ്ക്കുള്ളത്.ഈ സര്‍വീസ് ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലും വടക്കഞ്ചേരി-നെന്മാറ റൂട്ടിലും സര്‍വീസ് നടത്തും. ഇടവേളയ്ക്കുശേഷം തൃശൂര്‍- ഗോവിന്ദാപുരം റൂട്ടിലും ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തുന്നതും ആദ്യമാണ്.

നേരത്തെ തൃശൂര്‍-ഗോവിന്ദാപുരം റൂട്ടില്‍ ആറ് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ് കമ്പനികളെ സഹായിക്കാന്‍ റെക്കോര്‍ഡ് കളക്്ഷനുണ്ടായിരുന്ന സര്‍വീസുകളെല്ലാം പിന്‍വലിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ഗോപാലകൃഷ്ണന്‍ ഗതാഗതമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് കടപ്പാറ സര്‍വീസ് അടിയന്തിരമായി പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. കടപ്പാറ സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി. വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിനും നിര്‍ദേശം നല്കിയിട്ടുണ്ട്.

ആറുവര്‍ഷംമുമ്പ് പൊന്‍കണ്ടം-കടപ്പാറ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചപ്പോഴാണ് കടപ്പാറയ്ക്കുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തലാക്കിയത്. റോഡുപണി പൂര്‍ത്തിയാക്കി ഒന്നരവര്‍ഷമായിട്ടും സര്‍വീസ് പുനരാരംഭിക്കാതെ മലയോരമേഖലയിലെ യാത്രക്കാരെ വലയ്ക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.ഇതിനെതിരേ തളികകല്ല് ആദിവാസികോളനിയിലെ ഊരുമൂപ്പന്‍ രാഘവനും കടപ്പാറയിലെ നാട്ടുകാരും നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ബസില്ലെന്നും മറ്റും പറഞ്ഞ് സര്‍വീസ് പുനരാരംഭിക്കുന്നത് തടസപ്പെടുത്തുന്ന നടപടികളാണ് അരങ്ങേറിയിരുന്നത്. രണ്ടു സ്വകാര്യബസുകളാണ് ഇപ്പോള്‍ മംഗലംഡാമില്‍നിന്നും കടപ്പാറയിലേക്ക് ഓടുന്നത്. ഇതില്‍ ഒരു ബസ് ഞായറാഴ്ച ദിവസങ്ങളില്‍ ഓടാറില്ല. കടപ്പാറ, കുഞ്ചിയാര്‍പതി, തളികകല്ല്, പോത്തംതോട്, മേമല, മണ്ണെണ്ണക്കയം, കടമപ്പുഴ, പൂതംകുഴി തുടങ്ങിയ മലയോരമേഖലയിലെ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിക്കുന്നത്  ആശ്വാസമാകും.
Next Story

RELATED STORIES

Share it