കടന്നപ്പള്ളിക്ക് മറക്കാന്‍ വയ്യ; 71ലെ തീപാറും പോരാട്ടം

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുമ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രനെന്ന കേരള രാഷ്ട്രീയത്തിലെ കാരണവരുടെ ഓര്‍മയില്‍ തെളിയുന്നത് 1971ലെ തീപാറും പോരാട്ടം. അതാകട്ടെ 26ാം വയസ്സിലും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ നിനച്ചിരിക്കാതെയാണ് കാസര്‍കോട് പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ രാമചന്ദ്രന്‍ നിയോഗിക്കപ്പെടുന്നത്.
തൃശൂരില്‍ കെഎസ്‌യു സംസ്ഥാന സമ്മേളനം നടക്കുകയാണ്. ഇതിനിടെയാണ് കാസര്‍കോട്ടെ സ്ഥാനാര്‍ഥി താനാണെന്ന് അറിയുന്നത്. കടന്നപ്പള്ളിയുടെ ഓര്‍മയിലെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കവും ഇതുതന്നെ. മല്‍സരിക്കാന്‍ യോഗ്യരായവരുടെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്ന പരിപാടിയൊന്നും അന്നില്ല. കെപിസിസി നല്‍കുന്ന പട്ടിക എഐസിസി അംഗീകരിക്കും; അത്രമാത്രം.
എ കെ വിശ്വനാഥനായിരുന്നു അന്ന് കെപിസിസി പ്രസിഡന്റ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് സാക്ഷാല്‍ ഇന്ദിരാഗാന്ധി. കണ്ണൂര്‍ കലക്ടറേറ്റിലായിരുന്നു പത്രികാ സമര്‍പ്പണം. പാമ്പന്‍ മാധവന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹം വാങ്ങാനും മറന്നില്ല. കാസര്‍കോട്ടെ സിറ്റിങ് എംപിയായിരുന്ന എകെജിക്കെതിരേ പോരിനിറങ്ങാനായിരുന്നു കടന്നപ്പള്ളിയെ നിയോഗിച്ചതെങ്കിലും അത്തവണ എകെജി മല്‍സരിച്ചത് പാലക്കാട്ടായിരുന്നു. പാലക്കാട്ടെ സിറ്റിങ് എംപി ഇ കെ നായനാര്‍ കാസര്‍കോട്ടേക്കും മാറി. നായനാരാണ് മുഖ്യ എതിരാളി. വിജയപ്രതീക്ഷ നന്നേ വിരളം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പകര്‍ന്ന ധൈര്യമാണ് കൂട്ട്. പശുവും കിടാവുമായിരുന്നു കടന്നപ്പള്ളിയുടെ ചിഹ്നം. മെഗാഫോണിലൂടെയായിരുന്നു വോട്ടഭ്യര്‍ഥന. പ്രചാരണത്തിനാവട്ടെ ഒന്നോ രണ്ടോ ജീപ്പുകള്‍ മാത്രം. അങ്ങനെ കന്നിയങ്കത്തില്‍ നായനാരെ മലര്‍ത്തിയടിച്ച് ഡല്‍ഹിയിലെത്തി. പാര്‍ലമെന്റിലെ പ്രായം കുറഞ്ഞ അംഗമായിരുന്നു കടന്നപ്പള്ളി. 1971ലെ വിജയം 1977ലും ആവര്‍ത്തിച്ചു.
എം രാമണ്ണറെയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980ല്‍ എല്‍ഡിഎഫിലെത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ എ പി അബ്ദുല്ലക്കുട്ടിയോട് പരാജയപ്പെട്ട കടന്നപ്പള്ളി കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റാണ്. ഏറെ ആത്മാഭിമാന ബോധമുള്ളവരായിരുന്നു പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെന്നും അന്ന് മതവും ജാതിയുമൊന്നും തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നില്ലെന്നും കടന്നപ്പള്ളി പറയുന്നു.
Next Story

RELATED STORIES

Share it