wayanad local

കടച്ചിക്കുന്ന് കോളനിയിലെ വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശം

കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ കടച്ചിക്കുന്ന് കോളനിയിലെ വീടുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പട്ടികവര്‍ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിനുള്ള കോളനിമിത്രം പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥ സംഘമാണ് കടച്ചിക്കുന്ന്, പാലച്ചുരം കോളനികള്‍ സന്ദര്‍ശിച്ചത്.
എടിഎസ്പിയിലുള്‍പ്പെടുത്തി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പാലച്ചുരം കോളനിയിലെ പദ്ധതി നിര്‍വഹണ പുരോഗതിയും സംഘം വിലയിരുത്തി.
കടച്ചിക്കുന്ന് കോളനിയിലെ വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പട്ടികവര്‍ഗ വകുപ്പിനെ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭവന നിര്‍മാണം, മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുമ്പോള്‍ മധ്യവര്‍ത്തികളുടെ ചൂഷണം തടയാന്‍ പ്രത്യേക നടപടി സ്വീകരിക്കും. കടച്ചിക്കുന്ന് കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ പ്രവേശനോല്‍സവം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മയായ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ കലക്ടര്‍ നിര്‍വഹിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി, ഡിഎഫ്ഒ അബ്ദുല്‍ അസീസ്, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ സി ഇസ്മായില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യഹ്‌യാഖാന്‍ തലക്കല്‍, യമുന, കെ വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരന്‍, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it